trans
trans



ശസ്ത്രക്രിയയിലൂടെ പൂർണമായും സ്ത്രീയോ പുരുഷനോ ആയി മാറുകയും നിയമപരമായി വിവാഹിതരാവുകയും ചെയ്ത ദമ്പതികൾക്ക് വിവാഹധനസഹായമായി മുപ്പതിനായിരം രൂപ വീതം പത്തു ദമ്പതികൾക്ക് അനുവദിക്കാൻ ഭരണാനുമതി നൽകി ഉത്തരവായി.
ധനസഹായം ലഭിക്കാൻ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കുകയും വിവാഹശേഷം ആറുമാസത്തിനുശേഷവും ഒരു വർഷത്തിനകവും ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുകയും വേണം. വിവാഹ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും നിലവിൽ ദമ്പതികൾ ഒന്നിച്ചു താമസിച്ചു വരുന്നതുമായി ബന്ധപ്പെട്ട ജനപ്രതിനിധിയുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകരിൽ ഒരാൾ മാത്രം ട്രാൻസ്ജെൻഡർ വ്യക്തിയാണെങ്കിലും ധനസഹായത്തിന് അപേക്ഷിക്കാം. വിവാഹ ധനസഹായം ഒരിക്കൽ ലഭിച്ചുകഴിഞ്ഞാൽ ഏതെങ്കിലും കാരണത്താൽ നിലവിലുള്ള വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം കഴിക്കുകയാണെങ്കിൽ വിവാഹ ധനസഹായത്തിന് അർഹതയുണ്ടായിരിക്കില്ല.


കുട്ടികളുടെ നിർധനാവസ്ഥയും ശോചനീയാവസ്ഥയും: റിപ്പോർട്ടുകൾ
പ്രസിദ്ധീകരിക്കുംമുമ്പ് സമ്മതം വാങ്ങണം
കുട്ടികളുടെ നിർധനാവസ്ഥ, സാമ്പത്തിക പിന്നാക്കാവസ്ഥ, ശോചനീയാവസ്ഥ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന അവസരത്തിൽ കൂടുതൽ ശ്രദ്ധയും കരുതലും എടുക്കണമെന്നും കുട്ടികളുടെയും രക്ഷിതാക്കളുടേയും സമ്മതം വാങ്ങിയതിന് ശേഷം മാത്രമേ റിപ്പോർട്ട് പ്രസിദ്ധീകരിക്കാവൂ എന്നും നിഷ്‌കർഷിച്ച് ഉത്തരവായി.
ദരിദ്രപശ്ചാത്തലത്തിൽനിന്ന് ഉന്നതവിജയം നേടി എന്ന വാർത്തകൾ കുട്ടിയുടെ ആത്മാഭിമാനം ഹനിച്ച് കുട്ടിയെ മാനസികമായി തളർത്തിയതിനാൽ കുട്ടി ആത്മഹത്യ ചെയ്തുവെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസ് എടുത്തിരുന്നു. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവരുടെ സമ്മതപത്രം വാങ്ങണമെന്നും ഇതുസംബന്ധിച്ച് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഉത്തരവിറക്കണമെന്നും കമ്മീഷൻ നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.


സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി, എസ്.എസ്.സി എന്നിവ നടത്തുന്ന മത്സര പരീക്ഷകൾക്ക് ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനത്തിന് പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/പട്ടികവർഗക്കാർക്കും, ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും, അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗക്കാർക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും. ഡിസംബർ മൂന്നിന് ആരംഭിക്കുന്ന ക്ലാസിൽ ചേരാൻ താത്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ എന്നിവ സഹിതം നവംബർ 28നു മുമ്പ് തിരുവനന്തപുരം മണ്ണന്തലയിലെ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറം ഓഫീസിൽ ലഭിക്കും. ഫോൺ: 0471 2543441.


സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവർ തുടർന്ന് പെൻഷൻ ലഭിക്കുന്നതിന് ലൈഫ് സർട്ടിഫിക്കറ്റ്, ആധാർകാർഡ് കോപ്പി, പെൻഷൻ പാസ് ബുക്ക്/കാർഡ് കോപ്പി നിലവിൽ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ നവംബർ ഒന്നിനും ഡിസംബർ പത്തിനും ഇടയ്ക്ക് ജില്ലാ ഓഫീസിൽ എത്തിക്കണം. നേരിട്ട് ഹാജരാകുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഒഴികെയുള്ളവ ഹാജരാക്കിയാൽ മതി.


യൂണിവേഴ്‌സിറ്റി & ഫുഡ്‌സേഫ്ടി അപ്പലേറ്റ് ട്രിബ്യൂണൽ ക്യാമ്പ്
യൂണിവേഴ്‌സിറ്റി & ഫുഡ് സേഫ്ടി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ക്യാമ്പ് നവംബർ എട്ട്, ഒമ്പത് തിയതികളിൽ തൃശൂർ പി.ഡബ്‌ളിയു. ഡി റസ്റ്റ് ഹൗസിൽ നടക്കും. ആ ദിവസങ്ങളിൽ പോസ്റ്റ് ചെയ്ത കേസുകളുടെ വാദം കേൾക്കുന്നതോടൊപ്പം കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഫുഡ്‌സേഫ്റ്റി ആക്ട് 2006 ന്റെ പരിധിയിൽ വരുന്ന കേസുകളും യൂണിവേഴ്‌സിറ്റി കേസുകളും ഫയലിൽ സ്വീകരിക്കും.


ഹയർസെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം
ആഗസ്റ്റിൽ നടത്തിയ ഹയർസെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം നവംബർ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.


ഒന്നാം വർഷ ബി.എച്ച്.എം.എസ് ക്ലാസുകൾ 15ന് ആരംഭിക്കും
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ 2018 -19 വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഒന്നാം വർഷ ബി.എച്ച്.എം.എസ് ക്ലാസുകൾ നവംബർ അഞ്ചിന് ആരംഭിക്കും. പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ അതതു കോളേജുകളിൽ അന്ന് രാവിലെ 10ന് ഹാജരാകണം.


അപകട ഇൻഷ്വറൻസ് പദ്ധതിയിൽ ചേരുന്നതിന് പ്രൊപ്പോസൽ
ഫോറം ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായി നിലവിൽ ജോലി ചെയ്യുന്ന 60 വയസ് പൂർത്തിയാകാത്ത തൊഴിലാളികൾ 2019 ജനുവരി ഒന്നു മുതൽ നിലവിൽവരുന്ന അപകട ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നിശ്ചിത മാതൃകയിലുള്ള പ്രൊപ്പോസൽ ഫോറം പൂരിപ്പിച്ച് ഡിസംബർ 10നകം ഉള്ളൂരിലുള്ള തിരുവനന്തപുരം ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ ഹാജരാക്കണം. ഹാജരാകാത്തപക്ഷം ആനുകൂല്യങ്ങൾ ലഭിക്കില്ല. ഫോറം തിരുവനന്തപുരം ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിലും കള്ള് ചെത്ത് വ്യവസായ തൊഴിലാളി യൂണിയൻ ഓഫീസുകളിലും ലഭിക്കും.

പ്രളയ പുനരധിവാസം: ഭൂമി ദാനം നൽകുന്നവർക്ക് മുദ്രവില ഒഴിവാക്കി ഉത്തരവായി
സംസ്ഥാനത്ത് പ്രളയത്തിൽ വീടോ, ഭൂമിയോ, ഫ്ളാറ്റോടുകൂടിയ ഭൂമിയോ നഷ്ടപ്പെട്ട പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനായി വ്യക്തികളോ സന്നദ്ധ സംഘടനകളോ സഹകരണ സ്ഥാപനങ്ങേളാ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളോ കമ്പനികളോ സംഭാവനയായോ ദാനമായോ ഭൂമിയോ, വീടോടുകൂടിയ ഭൂമിയോ ഫ്ളാറ്റോടുകൂടിയ ഭൂമിയോ നൽകുന്ന ആധാരത്തിന് മുദ്രവില ഒഴിവാക്കി ഉത്തരവായി.
ദുരന്ത നിവാരണ വകുപ്പ് പുറപ്പെടുവിച്ച 2018 സെപ്റ്റംബർ ആറിലെ സ.ഉ. (സാധാ) നമ്പർ 486/2018/ഡിഎംഡി ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ അനുമതിയോടെ നൽകുന്ന ദാനാധാരങ്ങൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. പ്രകൃതി ദുരന്തത്തിലോ പ്രളയത്തിലോ വീടോ ഭൂമിയോ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി നൽകുന്ന ദാനമാണെന്ന ജില്ലാ കളക്ടറുടെ സർട്ടിഫിക്കറ്റ് ആധാരത്തോടൊപ്പം ഹാജരാക്കുകയും അക്കാര്യം ആധാരത്തിൽ പരാമർശിക്കുകയും വേണം. ഈ ഉത്തരവിന്റെ ആനുകൂല്യം 2019 മാർച്ച് 31 വരെ മാത്രമായിരിക്കും.


മെയിൽ മേട്രൺ: അഭിമുഖം അഞ്ചിന്
തിരുവനന്തപുരം വഴുതക്കാട് സർക്കാർ അന്ധവിദ്യാലയത്തിൽ മെയിൽ മേട്രൺ ഒഴിവിലേക്ക് നിയമിക്കുന്നതിന് നവംബർ അഞ്ചിന് രാവിലെ 10.30 മണി മുതൽ അഭിമുഖം നടത്തും. പ്രതിദിനം 645 രൂപ നിരക്കിൽ പരമാവധി പ്രതിമാസം 17415 രൂപയാണ് വേതനം.
എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യത കൂടാതെ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് നഴ്‌സിംഗ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഹോസ്റ്റലിൽ താമസിച്ച് സേവനമനുഷ്ഠിക്കാൻ സന്നദ്ധരായിരിക്കണം. യോഗ്യതയുള്ളവർ അന്ന് രാവിലെ 10 മണിക്ക് ബയോഡേറ്റ, യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം. പ്രായപരിധി നിയമാനുസൃതം. ഫോൺ: 0471 2328184, 8547326805.


റിസർച്ച് അസിസ്റ്റന്റ് നിയമനം
കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ പഞ്ചകർമ്മ വകുപ്പിന്റെ കീഴിൽ റിസർച്ച് പ്രോജക്റ്റിന്റെ ഭാഗമായി താത്കാലികാടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റ് നിയമനത്തിന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നവംബർ ഏഴിന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഇത്തരക്കാരുടെ അഭാവത്തിൽ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അംഗീകരിച്ച അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. ഗവേഷണപരിചയവും ഗവേഷണാഭിരുചിയും ഉള്ളവർ, ഗവേഷണ കോഴ്‌സ് പൂർത്തിയാക്കിയവർ ഗവേഷണവുമായി ബന്ധപ്പെട്ട ആർട്ടിക്കിളുകൾ പ്രസിദ്ധീകരിച്ചവർ എന്നിവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, ഗവേഷണപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും ബയോഡേറ്റയും സഹിതം ഹാജരാകണം. നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 25000 രൂപ നിരക്കിൽ ക്ലിപ്ത വേതനം നൽകും. നിയമന കാലാവധി റിസർച്ച് വർക്കുകളുടെ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നത് വരെ മാത്രമായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.


ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റിനുള്ള പരിശീലനം
സർക്കാർ സർവീസിൽ എൻട്രി കേഡറിൽ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ടുമെന്റൽ ടെസ്റ്റിനുള്ള പരിശീലനം ഐ.എം.ജിയിൽ നവംബർ 13 മുതൽ ഡിസംബർ ഏഴ് വരെ നടത്തും. സർവീസ് നിയമങ്ങളും ചട്ടങ്ങളും ധനകാര്യ മാനേജ്‌മെന്റ്, വ്യക്തിഗത കാഴ്ചപ്പാട്, സർവീസ് ഡെലിവറി, ഇ ഗവേണൻസും അക്കൗണ്ടബിലിറ്റിയും തുടങ്ങിയവയാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ക്ലാസ് മൂന്ന് വിഭാഗത്തിലുള്ള ജീവനക്കാർക്കാണ് പരിശീലനം. നാമനിർദ്ദേശം ലഭിക്കേണ്ട അവസാന തിയതി നവംബർ അഞ്ച്. കൂടുതൽ വിവരങ്ങൾ www.img.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വിവരങ്ങൾ അസോസിയേറ്റ് ഫെല്ലോ & കോഴ്‌സ് ഡയറക്ടർ കെ.കെ. രാജഗോപാലൻ നായർ (ഫോൺ: 9074825944) എന്ന നമ്പരിൽ ബന്ധപ്പെടണം.

ആയുർവേദ കോളേജിൽ വിവിധ വിഭാഗങ്ങളിൽ സൗജന്യ ചികിത്‌സ

തിരുവനന്തപുരം ആയുർവേദ കോളേജിൽ കരൾരോഗം, പ്രമേഹം, യൂറിക് ആസിഡ് കാരണമുണ്ടാകുന്ന രക്തവാതം എന്നിവയ്ക്ക് ദ്രവ്യഗുണവിജ്ഞാനം ഒ.പി.യിൽ (ഒന്നാം നമ്പർ ഒ.പി) സൗജന്യ ചികിത്‌സ നൽകുന്നു.
20നും 65നും ഇടയിൽ പ്രായമുള്ളവരിൽ മദ്യപാനജന്യമല്ലാതെ ഉണ്ടാകുന്ന കരൾരോഗങ്ങൾക്ക്, തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ഗവേഷണാടിസ്ഥാനത്തിലുള്ള സൗജന്യ ചികിത്സ. രജിസ്ട്രേഷനും ചികിത്സയ്ക്കും 9846034255 എന്ന നമ്പറിൽ ബന്ധപ്പെടണം.
20നും 60നും ഇടയ്ക്ക് പ്രായമുള്ള പ്രമേഹരോഗികൾക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് 12.30 വരെയാണ് ചികിത്‌സ. രജിസ്ട്രേഷനും ചികിത്സയ്ക്കും 9946131648 എന്ന നമ്പറിൽ ബന്ധപ്പെടണം.
യൂറിക് ആസിഡിന് അനുബന്ധമായ രക്തവാതം/ഗൗട്ടി ആർത്രൈറ്റിസ് എന്നിവയ്ക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ചികിത്‌സ. ഫോൺ: 9400096671.


സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യും
സൗദി അറേബ്യൻ സർക്കാർ ആരോഗ്യമന്ത്രാലയത്തിന്റെ കീ ഴിൽ റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിന് ഇന്റേൺഷിപ്പ് കൂടാതെ മൂന്ന് വർഷത്തിൽ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി/എം.എസ്.സി/പി.എച്ച്.ഡി നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി തെരഞ്ഞെടുക്കും. ഇതിനുള്ള ഇന്റർവ്യൂ നവംബർ 19, 20, 21, 22, 23 തിയതികളിൽ ഡൽഹിയിൽ നടത്തും. ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡേറ്റ ഒഡെപെക് വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന മാതൃകയിൽ നവംബർ 10നകം gcc@odepc.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. വെബ്‌സൈറ്റ്: www.odepc.kerala.gov.in