തിരുവനന്തപുരം : ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് അനുകൂലമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി പരസ്യ നിലപാട് എടുത്തത് ഈ വിഷയത്തിൽ ഇപ്പോൾത്തന്നെ പ്രതിരോധത്തിൽ നിൽക്കുന്ന കെ.പി.സി.സി നേതൃത്വത്തിന് കൂടുതൽ തിരിച്ചടിയായി.
ശബരിമല വിഷയത്തിൽ ആർ.എസ്.എസ് അനുകൂല നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന ആരോപണം യു.ഡി.എഫ് സഖ്യ കക്ഷികൾക്കിടയിൽ നിലനിൽക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയും കെ.പി.സി.സി നിലപാടിനെതിരെ രംഗത്തെത്തിയത്.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പോരിൽ ഇപ്പോൾ നേർക്കുനേർ നിൽക്കുന്നത് സി.പി.എമ്മും ബി.ജെ.പിയുമാണ്.
ശബരിമലയെ രാഷ്ട്രീയ ആയുധമാക്കി വളരാൻ ബി.ജെ.പി കച്ചമുറുക്കി രംഗത്തുള്ളപ്പോൾ വെല്ലുവിളി ഏറ്റെടുത്ത് യുവതികളെ പ്രവേശിപ്പിക്കാം എന്നാണ് സർക്കാരിന്റെയും പാർട്ടിയുടെയും നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുയോഗങ്ങളിലൂടെ ആവർത്തിക്കുന്നു. ദേശീയ മാദ്ധ്യമങ്ങളിൽ പിണറായിയുടെ നിലപാടിന് വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. കേരളത്തിൽ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നിലപാടുകൾക്ക് അനുകൂലമായും പ്രതികൂലമായും ചർച്ചകളും നടക്കുന്നു. അതേസമയം മറുവശത്ത് സംഘപരിവാറിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ പോലും കഴിയാതെ ഗാലറിയിൽ ഇരിക്കുന്ന സ്ഥിതിയിലാണ് കോൺഗ്രസ് പാർട്ടി.
രമേശ് ചെന്നിത്തലയും കെ. സുധാകരനും ഉൾപ്പെടെ ഒരുവിഭാഗം ശക്തമായ നിലപാടാണ് ശബരിമല വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്. വിശ്വാസികളെ പിന്തുണച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ 'വാട്ടർലൂ' ആകുമെന്നാണ് കെ. സുധാകരന്റെ നിലപാട്. കോൺഗ്രസിൽ തന്നെ ഒരു കൂട്ടർ ഇക്കാര്യത്തിൽ തണുപ്പൻ നിലപാട് സ്വീകരിക്കുന്നുമുണ്ട്. ഇങ്ങനെ ശ്വാസംമുട്ടി നിന്ന കെ.പി.സി.സിയുടെ മേലാണ് മറ്റൊരു പ്രഹരം പോലെ രാഹുൽ ഗാന്ധിയുടെ അഭിപ്രായം വന്നുവീണത്. അങ്ങനെ ഒരു പരുവത്തിലായ കോൺഗ്രസിനെ കൂടുതൽ വെട്ടിലാക്കാൻ സി.പി.എമ്മും നീക്കങ്ങൾ തുടങ്ങി.
സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം നവോത്ഥാന പാരമ്പര്യത്തെ മറന്ന് സംഘപരിവാറിന് കീഴടങ്ങുകയാണെന്ന ആക്ഷേപത്തിന് ബലമേകാൻ സി.പി.എമ്മിന് രാഹുലിന്റെ അഭിപ്രായം മികച്ച ആയുധമായി. പ്രതിരോധത്തിലായ കോൺഗ്രസ് നേതൃത്വമാകട്ടെ, രാഹുലിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ് കൈകഴുകുകയാണ്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് വിശ്വാസികൾക്കൊപ്പം നിൽക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് രാഹുൽ പറഞ്ഞതാണ് അവർക്ക് പിടിവള്ളി. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ യാഥാസ്ഥിതിക നിലപാട് ബി.ജെ.പിയെ സഹായിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്.
രാഹുലിന്റെ പ്രസ്താവന വന്നതിന് പിന്നാലെ, രാഹുലിന്റെ പ്രസ്താവനയിൽ ആശയക്കുഴപ്പം വേണ്ടെന്നും സംസ്ഥാന നേതൃത്വത്തെ വിശ്വാസികൾക്കൊപ്പം നിൽക്കാനനുവദിച്ചത് രാഹുലിന്റെ മഹത്വമാണെന്നും ചെന്നിത്തല വാദിക്കുന്നു.