തിരുവനന്തപുരം: കേരള സർവകലാശാല പൂജപ്പുര സെൻട്രൽ ജയിലിൽ ആദ്യമായി പരീക്ഷ നടത്തി. യോഗ ആൻഡ് മെഡിറ്റേഷൻ സർട്ടിഫിക്കറ്റ് കോഴ്സിൽ 11 തടവുകാരാണ് പരീക്ഷയെഴുതിയത്. രണ്ടാം പേപ്പർ പരീക്ഷ ഇന്നാണ്. ആറുമാസമായി സർവകലാശാലാ തുടർവിദ്യാഭ്യാസ കേന്ദ്രത്തിലെ അദ്ധ്യാപകർ ജയിലിലെത്തി ക്ലാസെടുക്കുന്നുണ്ടായിരുന്നു. പുറത്തിറങ്ങിയ ശേഷം തടവുകാരെ സ്വയം തൊഴിൽ ചെയ്ത് ജീവിക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ഡി.ഐ.ജി സന്തോഷ് പറഞ്ഞു. പരീക്ഷയിൽ വിജയിക്കുന്നവരെ മറ്റു തടവുകാരെ യോഗ പരിശീലിപ്പിക്കാൻ നിയോഗിക്കും. ഹൈജീൻ ആൻഡ് സാനിട്ടേഷൻ, ലൈബ്രറി സയൻസ് കോഴ്സുകളും ഉടൻ ആരംഭിക്കുന്നുണ്ട്. അഞ്ചുവർഷം വരെ ശിക്ഷിക്കപ്പെട്ടവരും മോചിപ്പിക്കപ്പെട്ട രണ്ടുപേരും പരീക്ഷയെഴുതി.