ന്യൂഡൽഹി : ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്നാണ് തന്റെ നിലപാടെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി അസന്ദിഗ്ദ്ധമായി വ്യക്തമാക്കി. 'പുരുഷനും സ്ത്രീക്കും തുല്യാവകാശമുണ്ട്. സ്ത്രീകൾക്ക് എല്ലായിടത്തും പ്രവേശനം അനുവദിക്കണം. യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്നു."
കേരളത്തിലെ പാർട്ടിയുടെ നിലപാടിന് എതിരാണ് തന്റെ അഭിപ്രായമെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. വൈകാരികമായ വിഷയമായതിനാലാണ് പാർട്ടിയുടെ കേരള ഘടകം വിശ്വാസികളെ പിന്തുണയ്ക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഭോപ്പാലിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. വെറുപ്പ് പരത്തുന്ന ഹിന്ദുത്വത്തെ തള്ളുന്ന കോൺഗ്രസ് എല്ലാം തുറന്ന മനസോടെ സ്വീകരിക്കുന്ന ഹിന്ദുത്വത്തെയാണ് അനുകൂലിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ മുതിർന്ന നേതാവ് ആനന്ദ് ശർമ്മ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകി.
''കോൺഗ്രസ് അദ്ധ്യക്ഷന്റെ നിലപാട് കൃത്യമാണ്. പാർട്ടി സുപ്രീംകോടതി വിധി മാനിക്കുന്നു. അതേസമയം വൈവിദ്ധ്യങ്ങളുടെ നാടായ ഇന്ത്യയിൽ ആചാരങ്ങൾ ഓരോ ഭാഗത്തും വ്യത്യസ്തമായിരിക്കും. അത്തരം വിഷയങ്ങളിൽ പ്രാദേശിക നേതൃത്വത്തിന് മറിച്ച് അഭിപ്രായമുണ്ടാവുക സ്വാഭാവികമാണ്." ആനന്ദ് ശർമ്മ വിശദീകരിച്ചു.
ശബരിമല വിഷയത്തിൽ സംസ്ഥാന ഘടകത്തിന് യോജിച്ച നിലപാട് സ്വീകരിക്കാൻ രാഹുൽ ഗാന്ധി അനുമതി നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.