തിരുവനന്തപുരം :കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ആറ്റിൽ മുങ്ങിമരിച്ചു. പേരൂർക്കട എസ്.എ .പി ക്യാമ്പ് കേന്ദ്രീയവിദ്യാലയത്തിലെ വിദ്യാർത്ഥിയായ നെടുമങ്ങാട് കരിപ്പൂര് കണ്ണാറാംകോട് കൈതക്കുഴി തടം തിരുവാതിര വീട്ടിൽ ഷാജി – ആശാലത ദമ്പതികളുടെ ഏകമകൻ എബിൻഷാജി( 14) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പേരൂർക്കട ആയുർക്കോണത്തായിരുന്നു അപകടം.
ട്യൂഷൻ ക്ളാസിലേക്ക് പോയ എബിൻ ആയുർക്കോണത്തെ സുഹൃത്ത് അഗ്നിവേശിനെയും കൂട്ടി ആറ്റിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്. ഇരുപത് അടിയിലേറെ താഴ്ചയുള്ള ഭാഗമാണ് കുട്ടികളിറങ്ങിയത്. പാറക്കെട്ടുകളിൽ കാൽവഴുതിൽ നിലയില്ലാ വെള്ളത്തിലേക്ക് വീണ എബിനെ രക്ഷിക്കാൻ കൂട്ടുകാരും പിന്നീട് ബഹളം കേട്ടെത്തിയ നാട്ടുകാരും ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. മുങ്ങിപ്പോയ എബിനെ കണ്ടെത്താനാകാതെ വന്നതോടെ ഫയർഫോഴ്സിന്റെ സഹായം തേടി. ചെങ്കൽചൂളയിൽ നിന്നെത്തിയ ഫയർഫോഴ്സ് ടീമാണ് മൃതദേഹം കണ്ടെത്തിയത്. പാറകളുടെ വശത്ത് നിന്ന് വെള്ളത്തിൽ ഇറങ്ങാൻ ശ്രമിച്ചപ്പോൾ കാൽവഴുതി വീണതാകാമെന്നു പൊലീസ് പറഞ്ഞു.