നേമം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാത്തതിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് പ്രാവച്ചമ്പലം ജംഗ്ഷനാണ്. നേമം റെയിൽവേ സ്റ്റേഷൻ റോഡ്, നരുവാമൂട് റോഡ്, കോൺവെന്റ് റോഡ് എന്നിവ പ്രാവച്ചമ്പലത്തിന്റെ നൂറു മീറ്ററിനുള്ളിൽ പലയിടത്തായിട്ടാണ് വന്നു ചേരുന്നത്. അല്ലാതെ റോഡുകൾ ജംഗ്ഷൻ എന്നപോലെ ഒരിടത്തല്ല സംഗമിക്കുന്നത്. അതിനാൽ തന്നെ തിരക്കും അപകടങ്ങളും വർദ്ധിക്കാനും കാരണമാകുന്നു.
നവീകരിച്ച വീതി കൂടിയ പാതയിലൂടെ സിറ്റിയിലേക്കെത്തുന്ന വാഹനങ്ങൾ പ്രാവച്ചമ്പലം മുതൽ വീതി കുറഞ്ഞ റോഡിലേക്കാണ് കയറുന്നത്. ഇരുചക്രവാഹനങ്ങൾ അമിത വേഗതയിലെത്തുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. ഓരോ റോഡും എത്തുന്നിടത്ത് പൊലീസിനെ വിന്യസിക്കേണ്ട ഗതികേടാണിവിടെ. ഈ മേഖലയിൽ ദിവസവും അപകടങ്ങൾ സംഭവിക്കുന്നതായി ആട്ടോ തൊഴിലാളികൾ പറയുന്നു. മറ്റു സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ വാഹനങ്ങൾ നിയന്ത്രിക്കാനും പൊലീസിന് ബുദ്ധിമുട്ടാണ്.
ടെൻഡർ പലതവണ
ആദ്യ തവണ ടെൻഡർ വിളിച്ചപ്പോൾ ഒരാൾ മാത്രം ഹാജരായതിനാൽ രണ്ടാമത് ടെൻഡർ വിളിച്ചു. അന്ന് രണ്ട് പേർ ഹാജരായി. പാതയുടെ ഒന്നാം ഘട്ടം നടത്തിയ കരാറുകാരൻ സമർപ്പിച്ച കുറഞ്ഞ തുകയ്ക്കുള്ള ടെൻഡർ ലഭിച്ചു. എന്നാൽ ടെൻഡർ തീരുമാനിക്കാൻ വൈകിയതിനാൽ നിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധിച്ചു എന്ന കാരണത്താൽ കരാറുകാരൻ ടെൻഡർ തുകയുടെ 10 ശതമാനം കൂടുതൽ ആവശ്യപ്പെട്ടു. കരാറുകാരന്റെ ആവശ്യത്തിന് അനുമതി ലഭിക്കാൻ താമസമുണ്ടാവാൻ സാദ്ധ്യതയുള്ളതിനാൽ ഒരിക്കൽ കൂടി ടെൻഡർ വിളിച്ചു. ഈ മാസം 5ന് തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊതുമരാമത്ത് വകുപ്പ്.
22 കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടില്ല
രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ അലൈൻമെന്റ് ആരംഭിക്കുന്ന പ്രാവച്ചമ്പലം ചന്തയ്ക്ക് സമീപം രാജപാത എന്ന് അറിയപ്പെടുന്ന ഇടറോഡിൽ താമസിക്കുന്ന 22 കുടുംബങ്ങളെ ഇതുവരെ പുനരധിവസിപ്പിക്കുവാൻ സാധിച്ചിട്ടില്ല. ഇവർക്ക് മൂക്കുന്നിമല ഇടമലയിൽ പ്ലോട്ട് തിരിച്ച് സ്ഥലം അനുവദിക്കുമെന്ന് കളക്ടറേറ്റിൽ നിന്നും അറിയിച്ചിട്ടുണ്ടെങ്കിലും നാളിതുവരെയായി പട്ടയം ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
തിരക്ക് വർദ്ധിപ്പിക്കുന്നു
വിവിധ രാഷ്ട്രീയ കക്ഷികൾ പ്രാവച്ചമ്പലം ജംഗ്ഷന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് സമ്മേളനങ്ങൾ നടത്തുന്നത് തിരക്ക് വർദ്ധിപ്പിക്കുന്നതിന് കാരണമായി നാട്ടുകാർ പറയുന്നു. നിർമ്മാണം തുടങ്ങുന്നതിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ദേശീയ പാത ആക്‌ഷൻ കൗൺസിൽ വാഹന പ്രചാരണ ജാഥയും, പ്രാവച്ചമ്പലം ജംഗ്ഷനിൽ ജ്വാല തെളിയിച്ച് പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ദേശീയപാതയുടെ നിർമ്മാണം എത്രയും വേഗം ആരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകും.
മണ്ണാങ്കൽ രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്, ദേശീയപാതവികസന ആക്‌ഷൻ കൗൺസിൽ