ചെങ്ങന്നൂർ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ പർണശാല നാമജപ യജ്ഞത്തിൽ പങ്കെടുത്ത ആദിവാസി യുവാക്കളെ അറസ്റ്റ് ചെയ്തതിലും ഊരുകളിൽ പൊലീസ് നിരന്തരം തെരച്ചിൽ നടത്തുന്നതിലും പ്രതിഷേധിച്ച് ആദിവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ശബരിമലയുമായി ബന്ധപ്പെട്ട പ്ളാപ്പള്ളി തലപ്പാറകോട്ട വേലന്റെ അനന്തരാവകാശികളായ മലയരയ വിഭാഗത്തിലെ യുവാക്കളെ പൊലീസ് പീഡിപ്പിക്കുന്നതായാണ് ആരോപണം.
സഹായം തേടി കുടുംബാംഗങ്ങളായ സ്ത്രീകളും കുട്ടികളും അടങ്ങിയ പതിനഞ്ചംഗസംഘം ഇന്നലെ പന്തളം കൊട്ടാരത്തിലെത്തി. തുടർന്ന് നടത്തിയ ചർച്ചയിൽ നൂറുകണക്കിന് വനവാസികളെ പങ്കെടുപ്പിച്ച് ഉന്നത പൊലീസ് കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. പ്ലാപ്പള്ളി തലപ്പാറകോട്ട അധിപൻ കൊച്ചുവേലൻ ഓമനക്കുട്ടൻ കഴിഞ്ഞ 7ന് ‘മല വിളിച്ച്’ തിരി വച്ചതോടെയാണ് നിലയ്ക്കലിൽ ശരണകൂട്ടായ്മ ആരംഭിച്ചത്. നാമജപ യജ്ഞത്തിൽ പങ്കെടുത്ത ആദിവാസി യുവാക്കളായ ജയരാജ് (31), അഭിലാഷ് (33) എന്നിവരെയാണ് പ്രക്ഷോഭത്തിന് പിറ്റേന്ന് ഊരുകളിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ആദിവാസികൾ പമ്പ, ചിറ്റാർ, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചെങ്കിലും ഇല്ലെന്ന വിവരമാണ് ലഭിച്ചത്. രണ്ട് ദിവസത്തിന് ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത ഇരുവരെയും പത്തനംതിട്ട എ.ആർ ക്യാമ്പിലാണ് ചോദ്യം ചെയ്തത്.
നിയമസഹായം ആവശ്യപ്പെട്ട് ജയരാജിന്റെ അമ്മ തുളസീരാജും അഭിലാഷിന്റെ അമ്മ തങ്കമ്മയും ബന്ധുക്കളുമാണ് പന്തളം കൊട്ടാരത്തിലെത്തിയത്. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ, സെക്രട്ടറി പി.എൻ.നാരായണ വർമ്മ, തിരുവിതാംകൂർ മഹാറാണി അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി എന്നിവർ ഈ സമയം കൊട്ടാരത്തിലുണ്ടായിരുന്നു. കൊട്ടാരത്തിന്റെ ഭാഗത്തുനിന്ന് നിയമസഹായങ്ങൾ ഉണ്ടാകുമെന്ന് ഇവർ ഉറപ്പ് നൽകി. തുടർന്ന് ശബരിമല കർമ്മ സമിതി നേതാക്കളുമായി ചർച്ച നടത്തി.
പൊലീസിന്റെ പീഡനം
ശബരിമലയുടെ താഴ്‌വാരങ്ങളിൽ താമസിക്കുന്ന തങ്ങൾക്ക് അയ്യപ്പനിൽ തികഞ്ഞ വിശ്വാസമാണുള്ളത്. നിലവിലെ ആചാരാനുഷ്ഠാങ്ങൾ തുടരണം. തലപ്പാറകോട്ടയിൽ വേലനൊപ്പം തങ്ങളും ചേർന്നാണ് വിളക്ക് വയ്ക്കുന്നതെന്ന് തുളസിരാജും തങ്കമ്മയും പറഞ്ഞു. നാമജപത്തിൽ പങ്കെടുത്തതിനാൽ വലിയ പ്രയാസങ്ങളാണ് ഇപ്പോൾ നേരിടുന്നത്. പൊലീസുകാർ നിരന്തരം ഊരുകളിലെത്തി സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നു. എന്തുവിലകൊടുത്തും ആചാരം സംരക്ഷിക്കണം. ആണുങ്ങൾക്ക് കുടിലുകളിൽ എത്താൻ കഴിയാത്ത സാഹചര്യമുണ്ട്. പൊലീസിന്റെ പീഡനം ഭയന്ന് കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻ കഴിയുന്നില്ലെന്നും ഇവർ പറഞ്ഞു.