ആറ്റിങ്ങൽ: എ.ബി.വി.പി-എസ്.എഫ്.എെ സംഘർഷവുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവർത്തകന്റെ വീട് അടിച്ചുതകർത്ത കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. എ.ബി.വി.പി പ്രവർത്തകനായ ശ്യാം മോഹനന്റെ വീടാണ് കഴിഞ്ഞ ബുധനാഴ്ച 11 അംഗസംഘം അടിച്ചുതകർത്തത്.
സമാനദിവസം തന്നെ എസ്.എഫ്.എെ സംസ്ഥാന പ്രസിഡന്റ് വി. വിനീഷിന്റെ വീട് അടിച്ചുതകർത്തിരുന്ന കേസിലെ പ്രതികളെ ഏതാനും ദിവസങ്ങൾക്ക് മുൻപ് പൊലീസ് പിടികൂടിയിരുന്നു. എന്നാൽ തന്റെ വീട് അക്രമിച്ച പ്രതികളെക്കുറിച്ച് ശ്യാം മോഹൻ മൊഴി നൽകിയിട്ടും പിടികൂടാൻ പൊലീസ് തയ്യാറാവുന്നില്ലെന്നാണ് ബി.ജെ.പി പ്രവർത്തകരുടെ ആക്ഷേപം. ആറ്റിങ്ങൽ അവനവൻചേരിയിലെ വീട്ടിൽ നടന്ന അക്രമത്തിൽ ശ്യാം മോഹൻ, അച്ഛൻ, അമ്മ എന്നിവർക്ക് പരിക്കേറ്റിരുന്നു. ആറ്റിങ്ങൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.