തിരുവനന്തപുരം: പ്രീപ്രൈമറി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപക അഴിമതിയാണെന്നും സ്വാശ്രയ സ്ഥാപനങ്ങൾ പണം സമ്പാദിക്കാനുള്ള സ്രോതസായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രീപ്രൈമറി പ്രവേശനത്തിന് ലക്ഷങ്ങളാണ് തലവരി. പ്ലസ് വണ്ണിനും ബിരുദത്തിനുമൊക്കെ ഇഷ്ടപ്പെട്ട വിഷയങ്ങൾ കിട്ടാനും പണം നൽകണം. ഇത് മറയില്ലാതെ നടക്കുകയാണ്. ഈ സ്ഥാപനങ്ങളെ ശുദ്ധീകരിക്കാൻ വിജിലൻസിന് നിരവധി കാര്യങ്ങൾ ചെയ്യാനാവുമെന്ന് വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടരവർഷം കൊണ്ട് വിജിലൻസിനോട് ജനങ്ങൾക്ക് മതിപ്പും വിശ്വാസവും കൂടി. കുറേക്കൂടി സംതൃപ്തവും കാര്യക്ഷമവുമായ സിവിൽ സർവീസ് രൂപപ്പെടുത്താൻ വിജിലൻസിന്റെ പ്രവർത്തനം പരിഷ്‌കരിക്കണം. അഴിമതിവിരുദ്ധ നടപടികളിൽ സംസ്ഥാനം രാജ്യത്തിന് മാതൃകയായത് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണ്. പക്ഷേ, അഴിമതി എല്ലാതലത്തിലും പൂർണമായി ഇല്ലാതായിട്ടില്ല. അഴിമതി നടന്നശേഷം അന്വേഷിക്കുന്നതിന് പകരം അഴിമതി തടയാനാണ് ശ്രമം.
സി.ബി.ഐയിൽ കേട്ടുകേൾവിയില്ലാത്ത നടപടികളുണ്ടാവുമ്പോൾ, സ്വതന്ത്രമായും നിഷ്പക്ഷമായുമാണ് കേരളത്തിൽ വിജിലൻസിന്റെ പ്രവർത്തനം. വിജിലൻസിന്റെ കരങ്ങളിൽ ആരെങ്കിലും കയറിപ്പിടിക്കുന്ന അവസ്ഥയില്ല. ആഭ്യന്തരസെക്രട്ടറി സുബ്രതോബിശ്വാസ് അദ്ധ്യക്ഷനായി. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ഐ.ജി എച്ച്. വെങ്കടേശ്, അഡി. പ്രോസിക്യൂഷൻ ഡയറക്ടർ കെ.ഡി. ബാബു എന്നിവർ പ്രസംഗിച്ചു.