ശിവഗിരി:ശ്രീനാരായണഗുരുദേവ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് 41 ദിവസമായി നടന്നുവന്ന മണ്ഡലമഹാപൂജയ്ക്ക് യതിപൂജയോടെ സമാപ്തിയായി. ശിവഗിരി മഠത്തിന് സമീപംപ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ ആശ്രമങ്ങളിൽ നിന്നെത്തിയ സന്യാസി ശ്രേഷ്ഠരെ പാദപൂജ നടത്തി ആദരിച്ച് ഉപഹാരസമർപ്പണം നടത്തി നമസ്കരിച്ചാണ് ചടങ്ങുകൾ അവസാനിപ്പിച്ചത്.
തൊണ്ണൂറു വർഷം മുമ്പ് തടസപ്പെടുകയും പലവിധ കാരണങ്ങളാൽ നടത്താൻ കഴിയാതെ വരികയും ചെയ്ത യതിപൂജയ്ക്ക് സാക്ഷ്യം വഹിക്കാൻ ഭക്തജന ലക്ഷങ്ങളാണ് ശിവഗിരിയിൽ തടിച്ചുകൂടിയത്.രാവിലെ ഒമ്പതുമണിയോടെ തുടങ്ങിയ ചടങ്ങുകൾ ഉച്ചയ്ക്ക് 12.30 ഓടെ സമാപിച്ചു.ശിവഗിരി മഠത്തിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങുകൾക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർവെള്ളാപ്പള്ളി എന്നിവർ നേതൃത്വം നൽകി.