ശിവഗിരി:ശ്രീനാരായണഗുരുദേവ മഹാസമാധി നവതിയോടനുബന്ധിച്ച് 41 ദിവസമായി ശിവഗിരിയിൽ നടന്നുവന്ന മണ്ഡലമഹാപൂജയും അഖണ്ഡനാമജപ യജ്ഞവും മഹായതിപൂജയോടെ ഇന്നലെ മംഗളകരമായി സമാപിച്ചു. ഒമ്പതുപതിറ്രാണ്ടായി വീട്ടാത്ത കടമായി ശ്രീനാരായണീയർ മനസിൽ പേറിയ നൊമ്പരത്തിന് യതിപൂജയിലൂടെ പശ്ചാത്താപ പരിഹാരമായി. ഗുരുദേവന്റെ മഹാസമാധിക്ക് ശേഷം വിധിപ്രകാരം നടത്തേണ്ടിയിരുന്നതാണെങ്കിലും മുടങ്ങിപ്പോയ യതിപൂജ ഉൾപ്പെടെയുള്ള അതിവിശിഷ്‌ട ചടങ്ങുകളാണ് ശിവഗിരിയിൽ ഭക്തിസാന്ദ്രമായി പൂർത്തിയായത്.
രാജ്യത്തെമ്പാടും നിന്നെത്തിയ ആയിരത്തോളം സന്യാസി വര്യന്മാർ യതിപൂജയെ ധന്യമാക്കി. 'ഓം ശ്രീനാരായണ പരമഗുരവേ നമഃ'എന്ന മൂലമന്ത്രം ശിവഗിരിയിലാകെ അലയടിക്കവേ സന്യാസിമാർ പഞ്ചോപചാര പൂജ ഏറ്റുവാങ്ങി ധന്യരായി.
ശിവഗിരി മഠത്തിന്റെ ചരിത്രത്തിലെ അപൂർവവും അതിവിശിഷ്ടവുമായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഭക്തലക്ഷങ്ങളാണ് എത്തിയത്.
ഗുരുദേവന്റെ ആദ്ധ്യാത്മിക ബോധത്തിലുദിച്ച ധർമ്മസംഘം ട്രസ്റ്റും നവോത്ഥാന ബോധത്തിലുദിച്ച എസ്.എൻ.ഡി.പി യോഗവും യതിപൂജയ്‌ക്കായി കൈകോർത്തപ്പോൾ ശ്രീനാരായണ പ്രസ്ഥാനങ്ങളും ഒപ്പംകൂടി.
പുലർച്ചെ 4.30ന് മഹാസമാധിക്ക് സമീപമുള്ള പർണശാലയിൽ ശാന്തിഹവനത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ശാരദാമഠത്തിൽ വിശേഷാൽ പൂജയും മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജയും നടന്നു. ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ യജ്ഞശാലയിൽ പ്രാർത്ഥനയ്ക്കും പൂജകൾക്കും ശേഷം മഹാആരതിയോടെ വിശ്വശാന്തി യജ്ഞത്തിന് സമാപനമായി.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, നവതി ആചരണകമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, യജ്ഞ കമ്മിറ്റി കൺവീനർ സ്വാമി വിശാലാനന്ദ, ആചാര്യ സ്‌മൃതി കമ്മിറ്റി ചെയർമാൻ സ്വാമി സച്ചിദാനന്ദ, നവതി ആചരണ കമ്മിറ്റി ചീഫ് കോ ഓർഡിനേറ്റർ അരയാക്കണ്ടി സന്തോഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.