തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനക്കാര്യത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ നിലപാട് സംസ്ഥാന നേതൃത്വത്തിനുമേൽ അടിച്ചേൽപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടിൽ മാറ്റമില്ല. വ്യത്യസ്ത ആശയങ്ങളെ അംഗീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കുകയാണ് രാഹുൽ ചെയ്തത്. ഇത് സി.പി.എമ്മിലോ ബി.ജെ.പിയിലോ നടക്കില്ല. ശബരിമല സ്ത്രീ പ്രവേശനത്തെ യു.ഡി.എഫ് എതിർത്തിട്ടില്ല. അവിടത്തെ ആചാരങ്ങളിൽ നിയന്ത്രണം വേണമെന്നാണ് പറയുന്നത്. ആ നിയന്ത്രണം വേണ്ടെന്ന് സി.പി.എമ്മും പറഞ്ഞിട്ടില്ല. സ്ത്രീ പ്രവേശനത്തെ ബി.ജെ.പി എതിർക്കുകയാണെങ്കിൽ എന്തുകൊണ്ടാണ് കേന്ദ്രം നിയമം കൊണ്ടുവരാത്തത്.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തിൽ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ കഴിയാത്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലജ്ജിക്കണം. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഹോം സ്റ്റേ ആണെന്ന ശബരിനാഥൻ എം.എൽ.എയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ചെന്നിത്തല പറഞ്ഞു.