തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ അയൽ സംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം പരിഹാസ്യമായി. ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായാണ് ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഒരു മന്ത്രിയും വന്നില്ല. ഇക്കാര്യമറിഞ്ഞ മുഖ്യമന്ത്രിയും യോഗം ഒഴിവാക്കി. ഇതോടെ ചടങ്ങ് തീർക്കൽ മാത്രമായ അന്തർസംസ്ഥാന യോഗത്തിൽ മുഴുവൻ സമയം ഇരിക്കാതെ ഉദ്യോഗസ്ഥരും സ്ഥലംവിട്ടു.
തീർത്ഥാടനകാലത്തിനു മുന്നോടിയായി മുൻ വർഷങ്ങളിലും അന്തർസംസ്ഥാന യോഗം ചേരാറുണ്ടെങ്കിലും സുപ്രീംകോടതി വിധിയും തുലാമാസ പൂജാദിവസങ്ങളിലുണ്ടായ സംഭവങ്ങളും കണക്കിലെടുത്ത് ഇത്തവണ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തന്നെ ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രിമാർ എത്തില്ലെന്നറിയിച്ചതോടെ മന്ത്രിമാരുടെ സാന്നിദ്ധ്യമെങ്കിലും ഉറപ്പാക്കാൻ ശ്രമിച്ചു. അതും പാളി. തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽ നിന്നു ഉദ്യോഗസ്ഥർ മാത്രമാണ് എത്തിയത്.
കോടതി വിധി നടപ്പാക്കുന്നതിനായുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തുക, അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് സേനയെ വിന്യസിക്കുക എന്നിവയായിരുന്നു അജൻഡയിലെ പ്രധാന ഇനങ്ങൾ. മന്ത്രിമാരെത്താത്തതിനെ തുടർന്ന് ഈ രണ്ട് കാര്യങ്ങളും ഒഴിവാക്കി. നിലയ്ക്കലിൽ നിന്നുള്ള വെർച്വൽ ക്യൂ സംവിധാനം, കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ ടിക്കറ്റ് സംവിധാനം, പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങിയവയാണ് ചർച്ച ചെയ്തത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗം നിയന്ത്രിച്ചു.
തച്ചങ്കരിയും രാജീവ് സദാനന്ദനും സ്ഥലംവിട്ടു
കെ.എസ്.ആർ.ടി.സി മുഖേന നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ യോഗത്തിൽ അറിയിക്കേണ്ട എം.ഡി ടോമിൻ തച്ചങ്കരി, ഗതാഗത ക്രമീകരണം അറിയിക്കേണ്ട ട്രാൻസ്പോർട്ട് കമ്മിഷണർ കെ. പത്മകുമാർ, ആരോഗ്യവകുപ്പിന്റെ ക്രമീകരണങ്ങൾ വിവരിക്കേണ്ട സെക്രട്ടറി രാജീവ് സദാനന്ദൻ തുടങ്ങിയവർ മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞപ്പോൾ തന്നെ സ്ഥലം വിട്ടു. ഉദ്യോഗസ്ഥൻമാരുടെ ഈ സമീപനത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചു. തിരക്കുണ്ടെങ്കിൽ വരാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
''തമിഴ്‌നാട്ടിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടും കർണാടകത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടുമാണ് മന്ത്രിമാർ എത്താത്തത്. തെലുങ്കാനയിൽ പെരുമാറ്റച്ചട്ടം, ആന്ധ്രയിൽ റാലി, പോണ്ടിച്ചേരിയിൽ പ്രത്യേക മന്ത്രിസഭാ യോഗം ഇതാണ് അവിടത്തെ മന്ത്രിമാർ വരാത്തതിന് കാരണം.
-മന്ത്രി കടകംപള്ളി സുരേന്ദ്രൻ