congress-sabarimala-women

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനമാകാമെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധിയെ അനുകൂലിച്ചുകൊണ്ടുള്ള കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരസ്യ നിലപാട് കേരളത്തിലെ കോൺഗ്രസുകാരെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിരിക്കുകയാണ്. സുപ്രീംകോടതിവിധിയെ അത് പുറത്തുവന്ന ദിവസം സ്വാഗതം ചെയ്യുകയും പിന്നീട് വിശ്വാസികളോടൊപ്പമാണെന്ന് പറഞ്ഞ് നിലപാട് മാറ്റുകയും ചെയ്ത കെ.പി.സി.സി നേതൃത്വം ഇത്തരത്തിലൊരു 'ചതി" പാർട്ടി അദ്ധ്യക്ഷനിൽ നിന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. വിഷയത്തിൽ തന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് രാഹുൽ ഗാന്ധി വിശദീകരണം നൽകിയിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. എന്നാൽ രാഹുൽഗാന്ധിക്ക് തൊട്ടുപിന്നാലെ എ.ഐ.സി.സി.യും ഇതേ നിലപാടുതന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് അത് കോൺഗ്രസിന്റെ ഒൗദ്യോഗിക അഭിപ്രായമായി മാറുകയാണ്. വൈകാരികമായ ഒരു വിഷയത്തിൽ പാർട്ടിക്കാർക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടാകുന്നതിൽ യാതൊരു അസ്വാഭാവികതയുമില്ല. എന്നാൽ പാർട്ടിയുടെ അമരത്തിരിക്കുന്നവർ പുറപ്പെടുവിക്കുന്ന പരസ്യനിലപാടിനായിരിക്കും ജനങ്ങൾക്കിടയിൽ അംഗീകാരം. ഏത് രാഷ്ട്രീയ കക്ഷിക്കും ബാധകമായ പൊതുതത്വമാണിത്. വിവാദപ്രശ്നങ്ങളുണ്ടാകുമ്പോൾ പാർട്ടി നേതാവ് പരസ്യപ്രസ്താവനകളിലൂടെ പുറപ്പെടുവിക്കുന്ന നിലപാടായിരിക്കും പാർട്ടിയുടെയും നിലപാട്. കേന്ദ്ര-സംസ്ഥാന നേതാക്കൾ പരസ്പര വിരുദ്ധമായ നിലപാടെടുക്കാൻ തുടങ്ങിയാൽ അണികളുടെ സ്ഥിതി എന്താകും? ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം കോടതി വിധിക്കൊപ്പം പോകുമ്പോൾ കേരള ഘടകം വിപരീതദിശയിൽ നീങ്ങുന്നത് സാമാന്യ ബുദ്ധിയുള്ളവർക്ക് ഉൾക്കൊള്ളാൻ വിഷമമാണ്. കോൺഗ്രസിനെപ്പോലെ പാരമ്പര്യവും ജനങ്ങൾക്കിടയിൽ അംഗീകാരവുമുള്ള ഒരു പാർട്ടിക്ക് ഏത് കാര്യത്തിലും ഖണ്ഡിതവും സുചിന്തിതവുമായ നിലപാട് ഉണ്ടാകേണ്ടതാണ്.

ശബരിമല വിധിയെ ആദ്യം സ്വാഗതം ചെയ്ത കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് പൊടുന്നനെ മനംമാറ്റമുണ്ടായതിനുപിന്നിൽ വ്യക്തമായ രാഷ്ട്രീയ കാരണങ്ങൾ ഉണ്ട്. ഭക്തർക്കിടയിലെ പൊതുവികാരം കോടതിവിധിക്കെതിരായതിനാൽ അവരോടൊപ്പം നിൽക്കുന്നതാവും രാഷ്ട്രീയമായി ഗുണം ചെയ്യുകയെന്ന് സംസ്ഥാന നേതൃത്വത്തിന് ബോദ്ധ്യമായിട്ടുണ്ടാകും. തങ്ങളുടെ രാഷ്ട്രീയ വൈരികൾ പ്രചണ്ഡമായ നിലയിൽ സമര രംഗത്ത് എടുത്തുചാടിയ സ്ഥിതിക്ക് പ്രത്യേകിച്ചും. എന്നാൽ പാർട്ടിക്കുള്ളിൽ നേതൃത്വത്തിന്റെ ഇൗ നിലപാടിനോട് യോജിക്കാൻ കഴിയാത്തവരും ഉണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം. വ്യക്തിപരമായ അഭിപ്രായമാണെങ്കിൽകൂടിയും പാർട്ടി അദ്ധ്യക്ഷൻ

രാഹുൽഗാന്ധിയുടെ പരസ്യപ്രഖ്യാപനം സംസ്ഥാന ഘടകത്തിൽ ഉള്ളുതുറന്ന സംവാദത്തിന് അവസരം തുറക്കുമെന്നത് തീർച്ചയാണ്.

രാഷ്ട്രീയനിലപാടുകളുടെ പേരിലാണ് ഏത് പാർട്ടിയും ജനങ്ങൾക്കിടയിൽ ആദരവും അംഗീകാരവും നേടാറുള്ളത് . ഒരേ വിഷയത്തിൽ ദേശീയ നേതൃത്വത്തിന് ഒരഭിപ്രായം, സംസ്ഥാന ഘടകത്തിന് അതിനുവിരുദ്ധമായ അഭിപ്രായം എന്ന നില ഉണ്ടാകാൻ പാടില്ലാത്തതാണ്. അങ്ങനെ വന്നാൽ പാർട്ടി സ്വയം അപഹാസ്യമായ നിലയിലേക്ക് തരംതാഴുകയാണ് ചെയ്യുക. കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി കേരളത്തിലെ കോൺഗ്രസുകാർ ശബരിമല പ്രക്ഷോഭകർക്കൊപ്പം നിൽക്കുമ്പോൾ ദൃശ്യമാകുന്നത് രാഷ്ട്രീയ പാപ്പരത്തം തന്നെയാണ്. വിവാദപ്രശ്നങ്ങളുണ്ടാകുമ്പോൾ ജനങ്ങളെ വസ്തുതകൾ ബോദ്ധ്യപ്പെടുത്തി നീതിയുടെയും നിയമത്തിന്റെയും ശരിയായ വഴി കാണിച്ചുകൊടുക്കാൻ ചുമതലപ്പെട്ടവരാണ് രാഷ്ട്രീയക്കാർ. ജനങ്ങളിൽ നല്ലൊരു പങ്കും അഭിപ്രായ രൂപീകരണത്തിനായി തങ്ങൾ വിശ്വസിക്കുകയും വോട്ട് നൽകുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികളെയാണ് ഉറ്റുനോക്കാറുള്ളത്. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ ഒരേ വിഷയത്തിൽ കൈക്കൊള്ളുന്ന ഭിന്നനിലപാടുകൾ അവരെ എത്രമാത്രം ചിന്താക്കുഴപ്പത്തിലും ആശയസംഘർഷത്തിലും പെടുത്തുമെന്ന് നേതൃത്വം ഒാർക്കേണ്ടതാണ്. തന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്ന് പറഞ്ഞ് നേതാവിന് കൈയൊഴിയാനാകില്ല പാർട്ടികളെ നയിക്കുന്നവർക്ക് പൊതുപ്രശ്നങ്ങളിൽ ഒരിക്കലും വ്യക്തിപരമായ അഭിപ്രായങ്ങളുമായി മുന്നോട്ടുപോകാനാവില്ലെന്നതാണ് സത്യം. അവർ പരസ്യമായി നടത്തുന്ന അഭിപ്രായങ്ങൾ ഒരിക്കലും വ്യക്തിപരമായിരിക്കുകയുമില്ല. അവ പാർട്ടി അഭിപ്രായവും നിലപാടുമായിത്തന്നെയാകും വ്യാഖ്യാനിക്കപ്പെടുക.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയുടെ നിലപാട് നിരാകരിച്ചുകൊണ്ട് കെ.പി.സി.സി നേതൃത്വത്തിന് എങ്ങനെ വിശ്വാസികൾക്കൊപ്പം മുന്നോട്ടുപോകാനാവുമെന്ന് അവർ ചിന്തിക്കേണ്ടതാണ്. അനുവാദം വാങ്ങി പോക്കറ്റിലിട്ടുകൊണ്ടാണ് തങ്ങൾ സമരത്തിനൊപ്പം പോകുന്നതെന്ന് പറയുന്നതിൽ വലിയ കഥയില്ല. ഡൽഹിയിൽ ഒരു നിലപാടും ഇവിടെ വേറൊരു നിലപാടുമായി പോകുന്നതിലെ ജാള്യത നേതാക്കൾക്ക് മനസിലായിട്ടുണ്ടാവും. വൈകാരികമായ വിഷയമായതിനാലാണ് കെ.പി.സി.സി വിശ്വാസികളെ പിന്തുണയ്ക്കുന്നതെന്ന് രാഹുൽഗാന്ധി വിശദീകരിക്കുന്നുണ്ട്. എന്നാൽ നിലപാടിലെ ഇരട്ടത്താപ്പിന് നേരെ നിഷ്‌പക്ഷമതികൾക്ക് എങ്ങനെ കണ്ണടയ്ക്കാനാകും? കോൺഗ്രസിനെ മാത്രമല്ല ഇത്തരത്തിലുള്ള നിലപാടുവൈരുദ്ധ്യം വേട്ടയാടുന്നത്. ശബരിമല സമരത്തിന് നേതൃത്വം നൽകുന്ന പാർട്ടിക്കും സംസ്ഥാന തലത്തിലും ദേശീയതലത്തിലും വ്യത്യസ്ത നിലപാടുകളാണുള്ളത്. കഥയറിയാതെ ജനം ആട്ടം കാണുന്നുവെന്നേയുള്ളൂ.