തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളിൽ ടോളുകൾ നിരുത്സാഹപ്പെടുത്തുമെന്നും ശബരിമല റോഡുകൾ മെച്ചപ്പെടുത്തി ഏഴ് കൊല്ലത്തെ അറ്റകുറ്റപ്പണിക്ക് കരാർ നൽകുമെന്നും വ്യക്തമാക്കുന്ന പൊതുമരാമത്ത് നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ജില്ലാ റോഡുകൾ ഘട്ടംഘട്ടമായി സംസ്ഥാന പാതാ നിലവാരത്തിലേക്ക് ഉയർത്തും. ടോൾ ഏർപ്പെടുത്തുന്നതിനോട് സർക്കാരിന് യോജിപ്പില്ല. പരാതി പരിഹാരസെല്ലിന്റെ ഭാഗമായി എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച വൈകിട്ട് മൂന്നര മുതൽ നാലര മണി വരെ പൊതുമരാമത്ത് മന്ത്രി ജനങ്ങളുടെ പരാതി നേരിട്ട് കേൾക്കും.
ഹൈവേ പ്രൊട്ടക്‌ഷൻ ആക്ട് കർശനമായി നടപ്പാക്കുന്നതിനൊപ്പം കൈയേറ്റങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കും. മരാമത്ത് വകുപ്പിന് കീഴിലെ അധികഭൂമി തിട്ടപ്പെടുത്തി വികസിപ്പിച്ച് പാർക്കിംഗ് ഏരിയകളും ടോയ്‌ലറ്റ് സൗകര്യങ്ങളുമൊരുക്കുമെന്നും നയത്തിൽ പറയുന്നു.
മറ്റ് നിർദ്ദേശങ്ങൾ:
പൊതുമരാമത്തിന്റെ എല്ലാ പ്രവൃത്തികളും ഇ-ടെൻഡർ വഴി.
പാലങ്ങൾക്ക് മാത്രമായി പ്രത്യേക വിഭാഗം.
റോഡുകളുടെയും പാലങ്ങളുടെയും ഡാറ്റാ ശേഖരണം
സ്വാഭാവിക റബറും പ്ലാസ്റ്റിക്കും നിർമ്മാണത്തിന് ഉപയോഗിക്കും.
റോഡ് പരിപാലനത്തിന് പ്രത്യേക നയം.
മരാമത്ത് പ്രവൃത്തികൾക്ക് സോഷ്യൽ ഓഡിറ്റ് നിർബന്ധം.
വിജിലൻസ് വിഭാഗം ശക്തമാക്കും.
കരാറുകാരുടെ രജിസ്ട്രേഷൻ ഓൺലൈനാക്കും.
തിരുവനന്തപുരം മുതൽ കാസർകോട് വരെ 1267 കിലോമീറ്റർ മലയോര ഹൈവേ നിർമ്മാണം പൂർത്തിയാക്കും.
കാസർകോട് മുതൽ തിരുവനന്തപുരം വരെ 656 കിലോമീറ്രർ തീരദേശഹൈവേ പൂർത്തിയാക്കും.
ഹെറിറ്റേജ് കെട്ടിടങ്ങളുടെ പരിപാലനത്തിന് പ്രത്യേക സംവിധാനം.
റസ്റ്റ്ഹൗസ് ബുക്കിംഗിന് ഓൺലൈൻ.