തിരുവനന്തപുരം:ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കി കൊല്ലം രണ്ടു തികയുമ്പോഴും റേഷൻ വിതരണത്തിലെ താളപ്പിഴകൾക്ക് പരിഹാരമായില്ല. അളവിലെ കൃത്രിമം മുതൽ ഉദ്യോഗസ്ഥരുടെ മാസപ്പടി വരെ ഒരു തടസവുമില്ലാതെ നടക്കുന്നു.
ഭക്ഷ്യസുരക്ഷാ നിയമത്തിലെ പ്രധാന വ്യവസ്ഥകളൊന്നും പാലിക്കാതെയാണ് 2016 ലെ കേരളപ്പിറവി ദിനത്തിൽ പദ്ധതി നടപ്പാക്കിയത്. വാതിൽപ്പടി വിതരണമാണ് പ്രധാന വ്യവസ്ഥ. ഭക്ഷ്യധാന്യം റേഷൻ കടകളിൽ എത്തിച്ച് കൃത്യമായ അളവിൽ തൂക്കി കൈമാറുന്നതാണ് വാതിൽപ്പടി വിതരണം. ഇത് പൂർണമായി നടപ്പാക്കിയിട്ടില്ല. ഒന്നുകിൽ റേഷൻകടക്കാരൻ ഗൗഡൗണിൽ എത്തി അവിടെ തൂക്കി നൽകുന്നത് വാങ്ങി പോകണം അല്ലെങ്കിൽ റേഷൻ കടകളിൽ എത്തിക്കുന്ന സാധനങ്ങൾ പരാതിയില്ലാതെ സ്വീകരിച്ച് വിൽക്കണം.
ഇതിന്റെ തുടർച്ചയായാണ് റേഷൻകടകളിൽ തട്ടിപ്പ് നടക്കുന്നത്. ഇ - പോസ് മെഷീൻ ത്രാസുമായി ബന്ധിപ്പിച്ചിട്ടില്ല. അങ്ങനെ ചെയ്താലേ കൃത്യമായ അളവ് ഗുണഭോക്താവിന് അറിയാൻ കഴിയൂ. ഇ - പോസ് മെഷീനിൽ വിരൽ അമർത്തിയ ശേഷം കടക്കാരൻ അളന്ന് നൽകുന്ന ധാന്യം വാങ്ങി മടങ്ങുകയാണ് ഗുണഭോക്താവ്. അളവ് കുറവാണിപ്പോഴും. അതിന്റെ വിഹിതം ചെല്ലേണ്ടിടത്ത് ചെല്ലുന്നതിനാൽ തട്ടിപ്പിന് സുരക്ഷയും ലഭിക്കുന്നു. ഇ-പോസ് മെഷീൻ സ്ഥാപിച്ചപ്പോൾ ആന്ധ്ര മോഡൽ പരിഷ്കാരമെന്നാണ് ഭക്ഷ്യവകുപ്പ് അവകാശപ്പെട്ടത്. ആന്ധ്രയിൽ ഇ-പോസ് മെഷീൻ ത്രാസുമായി ബന്ധിപ്പിച്ച് തട്ടിപ്പ് അവസാനിപ്പിച്ചിട്ടുണ്ട്.
മുൻഗണനാ പട്ടികയിൽ നിന്നൊഴിവാക്കിയെന്ന് 7.5 ലക്ഷം പേർ പരാതിപ്പെട്ടിരുന്നു. ഇതിൽ അഞ്ച് ലക്ഷത്തിലേറെ പേരുടെ പരാതികൾക്ക് പരിഹാരമായിട്ടില്ല.
ഇടംകോലിടുന്നത് ഉദ്യോഗസ്ഥർ
ഇ-പോസ് മെഷീൻ സ്ഥാപിക്കുമ്പോൾ ത്രാസും ഘടിപ്പിക്കണമെന്നാണ് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ നിർദ്ദേശിച്ചിരുന്നത്. വെട്ടിപ്പ് നടക്കില്ലെന്നറിഞ്ഞതോടെ ഉദ്യോഗസ്ഥർ തന്നെ അതിന് ഇടങ്കോലിട്ടു. വിതണക്കാരുടെ ചില സംഘടനാ നേതാക്കളെ കൈയിലെടുത്തായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. ഇ-പോസ് സ്ഥാപിക്കുന്നതിനെതിരേയും വേതനം കൂടുതൽ ആവശ്യപ്പെട്ടുമൊക്കെ സംഘടനകൾ സമരം പ്രഖ്യാപിച്ചു. തട്ടിപ്പും മാസപ്പടിയുും തുടരുമെന്നായപ്പോൾ പ്രശ്നങ്ങളൊന്നുമില്ല!
കരിഞ്ചന്തയിലേക്ക് രണ്ട് വഴി
1 റേഷൻകടകളിൽ നിന്ന്
2 ഗോഡൗണുകളിൽ നിന്ന്