കുഴിത്തുറ: കന്യാകുമാരി ജില്ലയിൽ പന്നിപ്പനി പടരുന്നു. തേങ്ങൻപൂത്തുർ സ്വദേശി അഡ്വക്കേറ്റ് രവിചന്ദ്രനാണ് ഏറ്റവുമൊടുവിൽ മരിച്ചത്. ആശാരിപള്ളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ഇയാൾ മരിച്ചത്. ഇതോടെ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസങ്ങളിൽ ഇതേ ആശുപത്രിയിൽ റിട്ടയേർഡ് പ്രൊഫസർ തെരേസയും, തക്കല സ്വദേശിയും 7 മാസ ഗർഭിണിയുമായ സുകന്യയും മരിച്ചിരുന്നു. ജില്ലാ ഭരണകൂടം പന്നിപ്പനി ചികിത്സയ്ക്കായി നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക ചികിത്സാ വാർഡ് രൂപീകരിച്ചിരുന്നു. കുട്ടികളും മുതിർന്നവരുമടക്കം 13 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും അമ്പതോളം പേർ മറ്റ് ആശുപത്രികളിലുമായി ചികിത്സയിലാണ്. ജില്ലാ ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ പലസ്ഥലങ്ങളിലും പ്രതിരോധ നടപടിയെടുത്തിട്ടുണ്ട്. പന്നിപ്പനി ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കിയിട്ടുണ്ട്.