ആര്യനാട്: ആര്യനാടും പരിസരങ്ങളും ഇന്നു മുതൽ കാമറ നീരീക്ഷണത്തിലാകും. ആര്യനാട് ജനമൈത്രി പൊലീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ആര്യനാട് യൂണിറ്റ്, വയോജന സൗഹൃദ സമിതി എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് ലക്ഷം രൂപയോളം പദ്ധതിയ്ക്കായി ചിലവ് വരുന്നതിനാൽ ജനങ്ങളിൽ നിന്നാണ് പണം കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ 16 കാമറകളാണ് ഹൈസ്കൂൾ ജംഗ്ഷൻ, പോസ്റ്റ് ഒാഫീസ് ജംഗ്ഷൻ, പാലം ജംഗ്ഷൻ, മാർക്കറ്റ് ജം‌ഗ്ഷൻ, കാഞ്ഞിരംമൂട്, ഗണപതിയാംകുഴി എന്നിവിടങ്ങളിലായി സ്ഥാപിക്കുന്നത്. ഇതിന്റെ മോണിറ്ററിംഗ് സംവിധാനം ആര്യനാട് പൊലീസ് സ്റ്റേഷനിലാണ് സജ്ജീകരിക്കുന്നത്. നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് പാലം ജംക്‌ഷനിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിക്കും. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാബീഗം അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യപ്രഭാഷണം നടത്തും. കാമറകളുടെ സ്വിച്ച് ഒാൺ കർമ്മം നെടുമങ്ങാട് എ.എസ്‌.പി എസ്. സുജിത് ദാസ് നിർവഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ. റഹിം, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ്, ആര്യനാട് ഇൻസ്‌പെക്ടർ ബി. അനിൽ കുമാർ, സബ് ഇൻസ്പെക്ടർ എസ്.വി. അജീഷ്, ജനമൈത്രി സി.ആർ.ഒ.നിസ്സാറുദീൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വർണനാ സുരേന്ദ്രൻ, വയോജന സമിതിസെക്രട്ടറി എം.എസ്. സുകുമാരൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.