ശിവഗിരി: ശിവഗിരിക്കുന്നുകൾ ഇന്നലെ ഉണർന്നത് ഒരു ചരിത്രസംഭവത്തിനു സാക്ഷിയാവാനായിരുന്നു. ഗുരുവിന്റെ ആത്മീയ ചൈതന്യം നിറഞ്ഞുനില്ക്കുന്ന ശിവഗിരി മഠത്തിന്റെയും നവോത്ഥാന സൃഷ്ടിയായ എസ്.എൻ.ഡി.പി യോഗത്തിന്റെയും കഴിഞ്ഞ ഒൻപത് പതിറ്റാണ്ട് കാലത്തെ തീരാദുഃഖവും കാലുഷ്യവും ഒഴിഞ്ഞുപോയതിന്റെ ചാരിതാർത്ഥ്യം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു.
90 വർഷങ്ങൾക്കുമുമ്പ് മഹാസമാധിയുടെ 41-ാം നാൾ ശിവഗിരിയിൽ നടത്തേണ്ടിയിരുന്ന യതിപൂജ മുടങ്ങാൻ കാരണക്കാരായവരുടെ പിന്മുറക്കാരും ശിവഗിരിമഠത്തിനൊപ്പം കൈകോർത്തുനിന്നു.
യതിപൂജാ മഹാമഹത്തിൽ ശിവഗിരി മഠത്തിന്റെയും യോഗത്തിന്റെയും സാരഥികൾ മനസും ശരീരവും അർപ്പിച്ചു. ഗുരുധർമ്മ പ്രചാരണത്തിനും ശ്രീനാരായണ സമൂഹത്തിന്റെ വളർച്ചയ്ക്കും വിഘാതമായി നിന്നിരുന്ന വിദ്വേഷവും കാലുഷ്യങ്ങളുമെല്ലാം അലിഞ്ഞില്ലാതായി. ശ്രീനാരായണീയരുടെ ഐശ്വര്യത്തിന്റെയും സാഹോദര്യത്തിന്റെയും പുത്തൻപ്രഭാതം വിടർന്നു. ആ പ്രഭാതകാന്തിയും പ്രസരിപ്പും മഹായതിപൂജയിൽ വിളങ്ങിനിന്നു. മഹാസമാധിമന്ദിരത്തിലും അതിന്റെ പ്രഭ നിറഞ്ഞു. അവിടെ വെണ്ണക്കൽ വിഗ്രഹത്തിനു മുമ്പിൽ കൈകൂപ്പിനില്ക്കുമ്പോൾ മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത ഒരനുഭൂതി.
തേജസാർന്ന ആ മുഖത്തെ യോഗനയനങ്ങൾ വീണ്ടും വിടർന്നതുപോലെ. ഗുരുദേവന്റെ പ്രത്യക്ഷകടാക്ഷം ലഭിച്ചതുപോലെ.
മഹാസമാധിക്കു താഴെ കമനീയമായി ഒരുക്കിയ പന്തലിൽ നടന്ന മഹായതിപൂജയ്ക്ക് നേതൃത്വം നൽകിയ ശിവഗിരിമഠത്തിലെ സന്യാസി വര്യന്മാരുടെയും ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ സാരഥികളുടെയും യതിപൂജയിൽ ആദരിക്കപ്പെട്ട രാജ്യത്തെ വിവിധ ദേശങ്ങളിൽ നിന്നുള്ള പൂജനീയരായ സന്യാസിമാരുടെയും മുഖങ്ങളിലും ആ തേജസ് പ്രസരിച്ചു.
ഗുരുദേവൻ സമാധി അടഞ്ഞതിന്റെ 90 വർഷം തികഞ്ഞ പുണ്യമുഹൂർത്തത്തിൽ (കഴിഞ്ഞ സെപ്തംബർ 21) ആരംഭിച്ച 41 ദിവസം നീണ്ടുനിന്ന അഖണ്ഡനാമജപയജ്ഞത്തിനും വിശ്വശാന്തി മഹാപൂജകൾക്കുമാണ് മഹായതിപൂജയോടെ ഇന്നലെ സമാപനം കുറിച്ചത്. ഭാരതത്തിന്റെ നാനാദിക്കുകളിൽ നിന്നുമുള്ള ഋഷിവര്യന്മാരെ ശിവഗിരിയിൽ ക്ഷണിച്ചുവരുത്തി കാഴ്ചദ്രവ്യങ്ങളും വസ്ത്രവും ദക്ഷിണയും അന്നപ്രസാദവും നൽകി ഈശ്വരതുല്യരായി പാദപൂജനടത്തി സാഷ്ടാംഗം പ്രണമിക്കുകയായിരുന്നു. ഇത് ഗുരുദേവനു തന്നെയുളള പാദപൂജയാണ്. മറ്റൊരർത്ഥത്തിൽ, ഗുരുഭക്തരായ എല്ലാംവർക്കും വേണ്ടിയുള്ള സമർപ്പണമാണ്.