niyama
niyama

തിരുവനന്തപുരം: ഓർഡിനൻസുകൾ നിയമമാക്കാനും പുതിയ ബില്ലുകൾ അവതരിപ്പിക്കാനും ഈ മാസം 26 മുതൽ ഡിസംബർ 13വരെ നിയമസഭ ചേരാൻ ധാരണ. തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാവും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ അടുത്ത സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിക്കാമെന്നും സമ്മേളനദിനങ്ങൾ കൂട്ടണമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മാർച്ച് പകുതിയോടെ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കും. അതിനുമുമ്പുണ്ടാകുമെന്ന അഭ്യൂഹവും ശക്തമാണ്.

എന്നാൽ, ബഡ്ജറ്റ് ജനുവരിയിൽ മതിയെന്ന് മറ്റു ചില മന്ത്രിമാർ അഭിപ്രായപ്പെട്ടു. ബഡ്ജറ്റുണ്ടെങ്കിൽ സമ്മേളനം ഡിസംബർ 20 വരെ നീട്ടുകയോ 13ന് പ്രറോഗ് ചെയ്യാതെ ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ചേർന്ന് അവതരിപ്പിക്കുകയോ ചെയ്യാം.

ഡിസംബറിൽ ബഡ്ജറ്റ് അവതരണം പൂർത്തിയാക്കി സഭ പിരിഞ്ഞാൽ, ജനുവരി പകുതിയോടെ വീണ്ടും ചേർന്ന് നയപ്രഖ്യാപനവും വകുപ്പുതിരിച്ചുള്ള ചർച്ചകളോടെ പൂർണ്ണ ബഡ്ജറ്റ് പാസ്സാക്കാം.

ആദ്യദിനമായ 26ന് മഞ്ചേശ്വരം എം.എൽ.എ അന്തരിച്ച പി.ബി. അബ്ദുൾ റസാഖിന് ആദരാഞ്ജലി അർപ്പിച്ച് സഭ പിരിയും.

ശബരിമല യുവതീപ്രവേശന വിവാദം പ്രതിപക്ഷം ഉന്നയിച്ചേക്കും. ക്രമസമാധാനപ്രശ്നം രൂക്ഷമായാൽ ചർച്ചയ്ക്കും സർക്കാർ തയ്യാറായേക്കും.