കല്ലറ: മന്ത്രി മാത്യു ടി. തോമസിന്റെ ഗൺമാൻ കടയ്‌ക്കൽ ചരിപ്പറമ്പ് സജിത്ത് വിലാസത്തിൽ സുജിത്തിനെ (27) വീട്ടിലെ കിടപ്പുമുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന സുജിത് ഇന്നലെ രാവിലെ ഉണരാഞ്ഞതിനെ തുടർന്ന് അയൽവാസികളുടെ സഹായത്തോടെ മുറി തുറന്ന് നോക്കിയപ്പോഴാണ് തലയിൽ വെടിയേറ്റ നിലയിൽ കണ്ടത്. രണ്ട് കൈത്തണ്ടകളിലെയും ഞരമ്പും മുറിച്ചിരുന്നു. സർവീസ് റിവോൾവർ സമീപത്തു നിന്നു ലഭിച്ചിട്ടുണ്ട്. എന്നാൽ മാതാപിതാക്കൾ വെടിയൊച്ച കേട്ടില്ല. കട്ടിലിനോട് ചേർന്ന് നിലത്താണ് മൃതദേഹം കിടന്നിരുന്നത്. പ്രണയം പരാജയപ്പെട്ടതിലുള്ള വിഷമം കാരണം ആത്മഹത്യ ചെയ്യുകയാണെന്ന് എഴുതിയ കത്ത് പൊലീസിന് ലഭിച്ചു. മൂന്ന് വർഷമായി പൊലീസിൽ ജോലി ചെയ്യുന്ന സുജിത് അടുത്തിടെയാണ് മന്ത്രി മാത്യു ടി. തോമസിന്റെ ഗൺമാനായത്.
തിങ്കളാഴ്ച വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ എത്തിയതാണ്. ചൊവ്വാഴ്ച രാത്രി പതിവ് പോലെ മുകളിലത്തെ നിലയിൽ ഉറങ്ങാൻ പോയിരുന്നു. റൂറൽ എസ്.പി ബി. അശോകിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും ശാസ്ത്രീയ അന്വേഷണ വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധനകൾ നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: സഹദേവൻപിള്ള. മാതാവ്: രാധാമണി. സഹോദരങ്ങൾ: സജിത്, സരിത.