മലയിൻകീഴ്: പ്രവർത്തനം നിലച്ച വിളപ്പിൽശാല ചവർ ഫാക്ടറിക്കുള്ളിൽ മണ്ണ് മൂടിയിട്ടിരുന്ന മാലിന്യക്കൂന ഇടിഞ്ഞുവീണ് പൊതുഓട മൂടിപ്പോയതിനാൽ ചൊവ്വള്ളൂർ പ്രദേശത്ത് ഒന്നര ഏക്കർ കൃഷിയിടം വെള്ളത്തിനടിയിലായി. നെടുങ്കുഴി ഭാഗത്തു നിന്നുള്ള വെള്ളം ചവർ ഫാക്ടറിയിലൂടെ പൊതു ഓടവഴി മീനമ്പള്ളി തോട്ടിലേക്കാണ് പതിച്ചിരുന്നത്. അടുത്തിടെയുണ്ടായ ശക്തമായ മഴയിൽ മാലിന്യവും മണ്ണും ഈ ഓടയിലേക്ക് പതിക്കുകയായിരുന്നു. നീരൊഴുക്ക് തടസപ്പെട്ടതോടെ വെള്ളം സമീപത്തെ കൃഷിയിടങ്ങളിൽ കെട്ടിക്കിടക്കുകയാണ്. പടവൻകോട് ഷാജി ഭവനിൽ മോഹൻദാസിന്റെ 35 സെന്റിലെ 300 കുലവന്ന വാഴ, കപ്പവാഴ, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് എന്നിവ വെള്ളക്കെട്ടിൽ അഴുകി നശിച്ചു. മോഹൻദാസിന് മാത്രം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പറയുന്നു. ചൊവ്വള്ളൂർ സ്വദേശി കുട്ടപ്പൻ പാട്ടകൃഷി നടത്തിയിരുന്ന 60 സെന്റിലെ 400 മൂട് കുലച്ച വാഴകൾ, മരച്ചീനി, ചേന, ഇഞ്ചി എന്നിവയും നശിച്ചു. സമീപത്തെ 50 സെന്റിലെ തെങ്ങിൻ തോട്ടം പൂർണമായും വെള്ളത്തിനടിയിലാണ്. മൂന്നു മാസം പിന്നിട്ടിട്ടും വെള്ളം വറ്റാത്തതിനാൽ പ്രദേശത്തെ തെങ്ങുകളും കവുങ്ങും വേര് അഴുകി മണ്ട പഴുത്ത നിലയിലാണ്. കർഷകരുടെ പരാതിയെ തുടർന്ന് ഓട പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിളപ്പിൽ ഗ്രാമപഞ്ചായത്ത് നഗരസഭയ്ക്ക് നോട്ടീസ് നൽകിയെങ്കിലും നഗരസഭ അധികൃതർ മറുപടി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി സുനിൽ വി. അബ്ബാസ് പറഞ്ഞു.