ശിവഗിരി: വിശ്വശാന്തിഹവനത്തിനായി ശിവഗിരി മഠത്തിലെ യജ്ഞശാലയിൽ സ്ഥാപിച്ചിരുന്ന ഷഡ്ജ്യോതി ഇന്നലെ സായാഹ്നത്തിൽ മഹാസമാധിയിലെ ദിവ്യജ്യോതിയിൽ തിരികെ ലയിപ്പിച്ചു.
ചെമ്പഴന്തി വയൽവാരം വീട്, അരുവിപ്പുറം, കൂർക്കഞ്ചേരി, ശിവഗിരി മഹാസമാധി, വൈദികമഠം, ശാരദാമഠം എന്നിവിടങ്ങളിൽ നിന്നുള്ള ജ്യോതികൾ ചേർത്തുള്ള ഷഡ്ജ്യോതിയാണ് കഴിഞ്ഞ 41 ദിവസങ്ങളിൽ യജ്ഞശാലയിൽ ജ്വലിച്ചുനിന്നത്.
ഇന്നലെ വൈകിട്ട് യജ്ഞശാലയിൽ നിന്ന് തിരികെ എടുത്ത ഷഡ്ജ്യോതി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചേർന്നാണ് മഹാസമാധിയിലേക്ക് ആനയിച്ചത്. ഭക്തജനങ്ങൾ ഉരുവിട്ട നാമമന്ത്രങ്ങൾ മുഴങ്ങവേ മഹാസമാധിയിലെ ദിവ്യജ്യോതിയിലേക്ക് പകർന്നതോടെ ശിവഗിരി മഠത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ പതിക്കേണ്ട ഒരു ചരിത്രസംഭവത്തിന് തിരശീല വീണു. തുടർന്ന് സമാധിമണ്ഡപം വലംവച്ച് പ്രാർത്ഥന ചൊല്ലി പരമഗുരുവിന് മുന്നിൽ ശിരസ് വണങ്ങി ഭക്തജനങ്ങളും പടിയിറങ്ങി.
ഇത് അവസാനമല്ല, തുടക്കമാണെന്ന് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ഇനിയും ഒരു പാട് മുന്നോട്ടുപോകാനുണ്ട്. അതിനുള്ള എല്ലാ കടാക്ഷവും ഉണ്ടാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഭാഗഭാക്കാവാൻ കഴിഞ്ഞത് മഹാഭാഗ്യം: വെള്ളാപ്പള്ളി
ഇത്തരത്തിലൊരു ചരിത്രസംഭവത്തിന് ഭാഗഭാക്കാവാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതിഗംഭീരമായി എല്ലാ ചടങ്ങുകളും പര്യവസാനിച്ചു. ധർമ്മസംഘം ട്രസ്റ്റും എസ്.എൻ.ഡി.പി യോഗവും ഒരേ മനസോടെയും ചിന്തയോടെയും പ്രവർത്തിച്ചതിന്റെ ഫലമാണ് യതിപൂജയുടെ ഗംഭീരവിജയം. ശിവഗിരി മഠത്തിന്റെ ചരിത്രത്തിൽ ഇത്ര മനോഹരമായ ഒരു ചടങ്ങ് നടന്നിട്ടില്ല.
90 വർഷം നടത്താൻ കഴിയാതിരുന്ന ചടങ്ങാണ് ഒരു പാളിച്ചയുമില്ലാതെ പൂർത്തീകരിച്ചത്. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിശ്രേഷ്ഠരെയാണ് ആദരിച്ചത്. ഇതിന്റെ ഭാഗമാവാൻ യോഗം നേതാക്കൾക്കും പ്രവർത്തകർക്കും ഭാഗ്യം സിദ്ധിച്ചു. 41 ദിവസവും പൂജകൾക്കും പ്രാർത്ഥനകൾക്കും നേതൃത്വം കൊടുത്ത സ്വാമിമാർ പ്രശംസ അർഹിക്കുന്നു. പ്രത്യേകിച്ച് സ്വാമി വിശുദ്ധാനന്ദ. താനടക്കമുള്ളവർ ഒരു നിമിത്തമായെങ്കിലും ഗുരുവിന്റെ ദൈവാധീനമാണ് ഈ വിജയത്തിന് പ്രധാന കാരണം. എത്ര വിശുദ്ധിയോടെയാണ് അദ്ദേഹം ഇതിനെല്ലാം നേതൃത്വം നൽകിയത്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും നിഷ്പക്ഷതയും നിഷ്കളങ്കതയും എടുത്തുപറയേണ്ടതാണ്.
യോഗത്തിന്റെ പ്രവർത്തകരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഗുരുഭക്തരുമടക്കം ലക്ഷക്കണക്കിന് ആൾക്കാരാണ് ഈ ദിവസങ്ങളിൽ ശിവഗിരിയിലെത്തിയത്. ഇത് വിജയിപ്പിക്കാൻ വേണ്ടി അശ്രാന്ത പരിശ്രമം നടത്തിയ എല്ലാവർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.