ആറ്റിങ്ങൽ: മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെയും മകളെയും നിരവധിപേർ ലൈംഗികമായി പീ‌ഡിപ്പിക്കുന്നതായി ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ പൊലീസിൽ പരാതി നൽകി. കൊടുമൺ പ്രദേശത്ത് താമസിക്കുന്ന 54 കാരിയായ അമ്മയെയും 37 കാരിയായ മകളെയുമാണ് ചിലർ പീഡിപ്പിക്കുന്ന വിവരം കൗൺസിലർമാർ ചെയർമാനെ അറിയിച്ചത്. ഉടനേ ചെയർമാൻ സ്നേഹിത എന്ന സംഘടനയെ വിവരം അറിയിച്ചു. എന്നാൽ അവർ യാതൊരു നടപടിയും കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് ചെയർമാൻ നേരിട്ട് പരാതി നൽകിയത്.

വല്ലാത്ത സാഹചര്യമാണ് ഈ കുടുംബത്തിനെന്നും ഈ വീട്ടിൽ മാനസിക പ്രശ്നമില്ലാത്ത ഒരു പെൺകുട്ടി ഉണ്ടായിരുന്നതിനെ ചെയർമാന്റെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ധനം സമാഹരിച്ച് വിവാഹം കഴിച്ച് അയയ്ക്കുകയായിരുന്നുവെന്നും ചെയർമാൻ പറഞ്ഞു. നിർദ്ധനരും നിരാലംബരുമായവർക്ക് ഭക്ഷണം എത്തിക്കുന്ന നഗരസഭയുടെ ആശ്രയ പദ്ധതിയിൽ അംഗമാണ് ഈ കുടുംബം. ഇവർക്ക് ആഹാരത്തിനുള്ള സാധനങ്ങൾ എത്തിക്കുന്നത് നഗരസഭയാണ്. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയും മകനും മകളുമാണ് വീട്ടിലുള്ളത്. മകൻ ഇപ്പോൾ ഗുരുതരാവസ്ഥയിൽ കിടപ്പുരോഗിയുമാണ്. ആറ്റിങ്ങൽ പൊലീസ് യുവതിയുടെ മെഴിയെടുത്തു. എന്നാൽ പൊലീസ് വസ്തുതകൾ വെളിപ്പെടുത്താൻ തയ്യാറാകുന്നില്ല. കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നു.