കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനായി നടത്തുന്ന കെ മാറ്റ് കേരള, പ്രവേശന പരീക്ഷ 2019 ഫെബ്രുവരി 17ന് നടത്തും. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്) യുടെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ.
അപേക്ഷകൾ രണ്ട് മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും kmatkerala.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 ജനുവരി 31 വൈകുന്നേരം അഞ്ച് മണി. ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി/എസ്.റ്റി വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാ ഫീസ്.
പരീക്ഷ കേന്ദ്രങ്ങൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ലക്ഷദ്വീപ്, ബംഗളുരു, മംഗളുരു, ചെന്നൈ, കോയമ്പത്തൂർ (കേരളവും ലക്ഷദ്വീപും ഒഴികെയുള്ള കേന്ദ്രങ്ങളിൽ കുറഞ്ഞത് 100 അപേക്ഷാർത്ഥികൾ ഇല്ലാത്തപക്ഷം അപേക്ഷകരെ തൊട്ടടുത്ത കേന്ദ്രത്തിലേക്ക് മാറ്റും) എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ.
കെ മാറ്റ് കേരള, സി മാറ്റ്, ക്യാറ്റ് പ്രവേശന പരീക്ഷകളിലൊന്നിൽ അർഹത നേടിയവർക്ക് മാത്രമേ കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും അതിനു കീഴിലുള്ള എം.ബി.എ കോളേജുകളിലും പ്രവേശനം ലഭിക്കൂ.
അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. സംശയ നിവാരണങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി പ്രവേശന മേൽനോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 04712335133, 8547255133 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
പി.എൻ.എക്‌സ്.4846/18

മൃഗസംരക്ഷണ വകുപ്പ് വിവിധ ഒഴിവുകളിലെ പട്ടിക പ്രസിദ്ധീകരിച്ചു
മൃഗസംരക്ഷണ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ, സീനിയർ സൂപ്രണ്ട്/ സീനിയർ സൂപ്രണ്ട് (അക്കൗണ്ടന്റ്), ജോയിന്റ് ഡയറക്ടർ, ജൂനിയർ സൂപ്രണ്ട് തസ്തികകളിൽ 2018 ഒക്‌ടോബർ ഒന്ന് അനുസരിച്ചുള്ള അന്തിമ മുൻഗണനാ പട്ടിക www.ahdkerala.gov.in
ൽ പ്രസിദ്ധീകരിച്ചു.


കോളേജ് ഒഫ് എൻജിനിയറിംഗിൽ പ്രോജക്ട് ഫെലോ ഒഴിവ്
തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ സിവിൽ ഡിപ്പാർട്ട്‌മെന്റിലെ ട്രാൻസ്‌പോർട്ടേഷൻ റിസർച്ച് സെന്ററിൽ താത്കാലികാടിസ്ഥാനത്തിൽ നാല് പ്രോജക്ട് ഫെലോയുടെ ഒഴിവുണ്ട്. എം.ടെക് (സിവിൽ എൻജിനിയറിംഗ്), ബി.ടെക്കിൽ ഒന്നാം ക്ലാസും ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗിൽ ഒരു വർഷത്തെ പരിചയവും, ബി.ടെക് (സിവിൽ എൻജിനിയറിംഗ്), ബി.ടെക് ഒന്നാം ക്ലാസ് (കമ്പ്യൂട്ടർ സയൻസ്) ഐ.ടിയിലും ആൻഡ്രോയിഡ് വെബ് ആപ്ലിക്കേഷനിൽ രണ്ട് വർഷ പരിചയവുമാണ് യോഗ്യതകൾ.
ബയോഡാറ്റ, മേൽവിലാസം, ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി എന്നിവ ഉൾപ്പെട്ട അപേക്ഷ ഹെഡ് ഒഫ് ദ ഡിപ്പാർട്ട്‌മെന്റ് ഒഫ് സിവിൽ എൻജിനിയറിംഗ്, ടി.ആർ.സി കോഓർഡിനേറ്റർ, കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം, തിരുവനന്തപുരം, കേരളം 695016 എന്ന വിലാസത്തിൽ ലഭിക്കണം.

ലോക തണ്ണീർത്തട ദിനാഘോഷം: സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു
ഫെബ്രുവരി രണ്ടിന് ലോക തണ്ണീർത്തട ദിനാഘോഷവുമായി ബന്ധപ്പെട്ടു നടത്തുന്ന പരിപാടികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് കോളേജുകൾ, യൂണിവേഴ്‌സിറ്റി ഡിപ്പാർട്ടുമെന്റുകൾ, ഗവേഷണ സ്ഥാപനങ്ങൾ, തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ എന്നിവയിൽ നിന്നും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഈ വർഷത്തെ മുഖ്യവിഷയമായ തണ്ണീർത്തടങ്ങളും കാലാവസ്ഥാവ്യതിയാനവും എന്നതിനെ ആസ്പദമാക്കിയാണ് പരിപാടികൾ ആസൂത്രണം ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി www.kscste.kerala.gov.in സന്ദർശിക്കുക. അപേക്ഷ 30 വരെ നൽകാം.


കേസുകൾ വിചാരണ നടത്തും
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ നവംബർ 24ന് പീരുമേടും 13, 27 തിയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.