വിഴിഞ്ഞം: നാട്ടുകാരെയും വീട്ടുകാരെയും ആശങ്കയിലാക്കി വീട്ടുമുറ്റത്ത് നിന്നു കാണാതായ അഞ്ചര വയസുകാരനെ രണ്ടര മണിക്കൂറിന് ശേഷം അയൽവാസിയുടെ വീട്ടിൽ നിന്നു കണ്ടെത്തി. സംഭവത്തിൽ അയൽവാസി പീരുമുഹമ്മദിനെ പൊലീസ് അറസ്റ്ര് ചെയ്‌തു. ഇന്നലെ രാവിലെ 10.30ഓടെ വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിളയിലാണ് സംഭവം. രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരും വീട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വിഴിഞ്ഞം പൊലീസും പരിശോധന നടത്തി. കുട്ടിക്കായി തെരച്ചിൽ നടത്തുമ്പോഴും കുട്ടി താഴേക്ക് പോയെന്നു പറഞ്ഞ് ഇയാൾ വഴി തെറ്റിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനിടെ വീട്ടിലെ റേഡിയോ ഉച്ചത്തിൽവച്ച് ഇയാൾ പുറത്തുപോയെന്ന് മാതാവ് പറഞ്ഞു. ഇയാളോട് വീണ്ടും ചോദിച്ചപ്പോൾ സംശയമുണ്ടെങ്കിൽ കയറി നോക്കാനും പറഞ്ഞുവത്രേ. സംശയം തോന്നിയ മാതാവ് വീട്ടിൽ കയറി നോക്കിയപ്പോഴാണ് കട്ടിലിൽ കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. ഇയാൾ കട്ടിലിൽ കയറി കിടക്കാനും ശബ്ദമുണ്ടാക്കരുതെന്നും ഭീഷണിപ്പെടുത്തിയതായി കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.
ഫോട്ടോ: അറസ്റ്റിലായ പീരുമുഹമ്മദ്