തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായി നടന്ന അന്തർസംസ്ഥാന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിധി നടപ്പാക്കാൻ എല്ലാവരും സഹകരിക്കണം.
പമ്പയിലെ പുനർനിർമ്മാണം 15ന് മുമ്പ് പൂർത്തിയാക്കും.നിലയ്‌ക്കലിൽ 10,000 തീർത്ഥാടകർക്ക് വിരിവയ്‌ക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനുമുള്ള സൗകര്യമുള്ള ബേസ് ക്യാമ്പും ഒരുക്കിയിട്ടുണ്ട്. യാത്രാക്ലേശം പരിഹരിക്കാൻ നിലയ്‌ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് നടത്തും. നിലയ്‌ക്കലിൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ല. ഗ്രീൻ പ്രോട്ടോക്കോൾ നടപടി ഇക്കൊല്ലവും തുടരും. ഇരുമുടിക്കെട്ടിലടക്കം പ്ലാസ്റ്റിക് വസ്‌തുക്കൾ അനുവദിക്കില്ല.
തീർത്ഥാടകർക്കായി എമർജൻസി മെഡിക്കൽ സെന്ററുകൾ സ്ഥാപിക്കും. അവിടെ കാർഡിയോളജിസ്റ്റുകളുടെ സേവനവും ഉറപ്പാക്കും. അടിയന്തരഘട്ടങ്ങളിൽ തീർത്ഥാടകർക്ക് ബന്ധപ്പെടുന്നതിന് ടോൾഫ്രീ നമ്പരും കൺട്രോൾ റൂമുകളും ആരംഭിക്കും. പമ്പയിലും സന്നിധാനത്തും അന്നദാന കൗണ്ടറുകൾ തുറക്കും.ശുദ്ധജല വിതരണവും ടോയ്‌ലെറ്റ് സൗകര്യവും കാര്യക്ഷമമാക്കും.
തമിഴ്നാട് അഡിഷണൽ ചീഫ് സെക്രട്ടറി അപൂർവ വർമ്മ, കർണാടക റവന്യൂ സെക്രട്ടറി ഗംഗാറാം ബാബറിയ, തെലങ്കാന വിജിലൻസ് ജോയിന്റ് കമ്മിഷണർ എം.എഫ്.ഡി കൃഷ്ണവേണി, ആന്ധ്രപ്രദേശ് സൂപ്രണ്ടിംഗ് എൻജിനിയർ സുബ്ബറാവു, പുതുച്ചേരി ദേവസ്വം കമ്മിഷണർ തിലൈവേൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ, അംഗം കെ.പി. ശങ്കരദാസ് തുടങ്ങിയവർ പങ്കെടുത്തു.