raj

തിരുവനന്തപുരം: 'ഇവിടെ ഒരു റോഡുണ്ടായിരുന്നു' എന്ന പരുവത്തിൽ തകർന്നുകിടക്കുന്ന 92,580 കിലോമീറ്റർ റോഡ് ഗതാഗതയോഗ്യമാക്കാൻ പണമില്ലാതെ നെട്ടോട്ടമോടുന്ന സർക്കാർ, രാജ്ഭവനുള്ളിൽ ഗവർണക്ക് പ്രഭാത-സായാഹ്ന നടത്തത്തിന് 'ജോഗിംഗ് പാത' നവീകരിക്കാനും ഷട്ടിൽ കോർട്ടിലേക്ക് പുതിയ റോഡുണ്ടാക്കാനും 38.25ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചു. രാവിലെയും വൈകിട്ടും ഗവർണർ വ്യായാമത്തിനായി നടക്കുന്ന രാജ്ഭവൻ കാമ്പസിനുള്ളിലെ മെയിൻ ഗേറ്റുമുതൽ ക്വാർട്ടേഴ്സുകൾ വരെയുള്ള റോഡ് പുതുക്കിപ്പണിയും. ഇതിനായി പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗം ചീഫ്എൻജിനിയർ തയ്യാറാക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ഭരണാനുമതി നൽകി സർക്കാർ ഉത്തരവിറക്കി.

രാജ്ഭവനു പിൻവശത്തെ ഷട്ടിൽ കോർട്ടിലേക്ക് നിലവിൽ കാർ കടന്നുപോവുന്ന വഴിയുണ്ട്. ഇത് ബലപ്പെടുത്തി വശങ്ങൾ സംരക്ഷിച്ച്, ടാർറോഡാക്കും. ഗവർണർ പി.സദാശിവം വ്യായാമത്തിനായി ഷട്ടിൽ കളിക്കാറില്ല. രാവിലെയും വൈകിട്ടും ഒരുമണിക്കൂർ നടക്കും. ഇടവഴികളിലൂടെ നടക്കുന്നതിനാൽ ഗവർണർക്ക് രാജ്ഭവന്റെ മുക്കുംമൂലയും അറിയാമെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഒരു ഗവർണർക്കും രാജ്ഭവന്റെ 'ഭൂമിശാസ്ത്രം' ഇത്രയും അറിയുമായിരുന്നില്ല. രാജ്ഭവൻ കാമ്പസിലെ റോഡുകളെല്ലാം മികച്ചവയായതിനാൽ അടിയന്തരമായി പുതുക്കേണ്ട സാഹചര്യമില്ലാത്തതാണ്.

മഹാപ്രളയത്തിൽ സംസ്ഥാന-ദേശീയ പാതകൾ, പൊതുമരാമത്ത് റോഡ്, തദ്ദേശറോഡുകൾ അടക്കം 92580കിലോമീറ്റർ റോഡും510പാലങ്ങളും തകർന്നതിലൂടെ മരാമത്ത് വകുപ്പിന് 11,000കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. 15,250കിലോമീറ്റർ പൊതുമരാമത്ത് റോഡും 77,330കിലോമീറ്റർ ഗ്രാമീണറോഡുകളും തകർന്നുകിടക്കുകയാണ്. റോഡുകളുടെ പുനർനിർമ്മാണത്തിന് 450കോടി നൽകാമെന്ന് കേന്ദ്രവാഗ്ദാനമുണ്ട്. പൂർണമായി തകർന്ന സംസ്ഥാന-ജില്ലാ പാതകൾ പുനർനിർമ്മിക്കാൻ മാത്രം 3500കോടി കണ്ടെത്തേണ്ടതുണ്ട്. ദേശീയപാതകൾ രാജ്യാന്തരനിലവാരത്തിൽ പുതുക്കിപ്പണിയാൻ കിലോമീറ്ററിന് നാലുകോടി വരെ ചെലവുണ്ട്. അറ്റകുറ്റപ്പണികൾക്ക് 11,000കോടി വേണ്ടിടത്ത് 2000കോടി മാത്രമാണ് മരാമത്ത് വകുപ്പിന് സർക്കാർ അനുവദിച്ചിട്ടുള്ളത്. ലോകബാങ്ക് അടക്കമുള്ള വിദേശഏജൻസികളിൽ നിന്ന് വായ്പയെടുത്തോ വിദേശസഹായം സമാഹരിച്ചോ അറ്റകുറ്റപ്പണി പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ.

ഇതിനിടെയാണ്, രാജ്ഭവനിലെ 'ഷട്ടിൽ റോഡുകൾ' നവീകരിക്കാനും പുതിയത് പണിയാനും ചീഫ്എൻജിനിയർ സമർപ്പിച്ച പദ്ധതി പൊതുമരാമത്ത് ഇ-വിഭാഗം ഉടനടി അംഗീകരിച്ചത്. ഭരണാനുമതി നൽകിയും പണം വകയിരുത്തിയും ജോയിന്റ്സെക്രട്ടറി സോണിയ വാഷിംഗ്ടൺ ഇന്നലെ ഉത്തരവുമിറക്കി.