തിരുവനന്തപുരം: മൂന്ന് വർഷത്തിനുള്ളിൽ മത്സ്യത്തൊഴിലാളി മേഖലയിൽ സമ്പൂർണ ഭവനനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച 'പ്രതീക്ഷ ' ഫ്ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വലിയതുറ, ചെറിയതുറ, വലിയതോപ്പ്, കൊച്ചുതോപ്പ് എന്നീ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലെ 192 കുടുംബങ്ങൾക്കാണ് വീട് ലഭിച്ചത്. വീടുകളുടെ താക്കോൽ ദാനവും മുഖ്യമന്ത്രി നിർവഹിച്ചു. ആദ്യ താക്കോൽ മത്സ്യത്തൊഴിലാളി കുടുംബാംഗമായ സന്തോഷ് ജൂലി ഏറ്റുവാങ്ങി. തീരദേശത്ത് 50 മീറ്റർ ദൂരത്തിനുള്ളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. സമുച്ചയത്തോടനുബന്ധിച്ചുള്ള കമ്യൂണിറ്റി ഹാളിന്റെ തറക്കല്ലിടലും മന്ത്രി നിർവഹിച്ചു. അംഗൻവാടി കെട്ടിടം മന്ത്രി കെ. രാജു തറക്കല്ലിട്ടു. തീരമാവേലി സ്‌റ്റോറിന്റെ തറക്കല്ലിടൽ വി.എസ്. ശിവകുമാർ എം.എൽ.എയും നിർവഹിച്ചു. സമുച്ചയത്തോടനുബന്ധിച്ചുള്ള കമ്യൂണിറ്റി ഹാൾ, അംഗൻവാടി കെട്ടിടം, തീര മാവേലി സ്‌റ്റോർ എന്നിവയുടെ തറക്കല്ലിടലും ചടങ്ങിൽ നടന്നു. ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന തീരദേശവികസന കോർപറേഷന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഏകദേശം 23.25 കോടി രൂപ ചെലവിട്ട് പദ്ധതി പൂർത്തിയാക്കിയത്. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ അദ്ധ്യക്ഷത വഹിച്ചു. ലത്തീൻ രൂപതാ ബിഷപ് ഡോ.എം. സൂസപാക്യം, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേസപതി, ജില്ലാ കളക്ടർ ഡോ.കെ. വാസുകി, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, കെ.ആർ. ജ്യോതി ലാൽ, കൗൺസിലർമാരായ സജീന, ബീമാപള്ളി റഷീദ്, ഷീബാ പാട്രിക് തുടങ്ങിയവർ പങ്കെടുത്തു. മേയർ വി.കെ. പ്രശാന്ത് സ്വാഗതവും തീരദേശ വികസന കോർപറേഷൻ എം.ഡി പി.ഐ. ഷേക് പരീത് നന്ദിയും പറഞ്ഞു.