തിരുവനന്തപുരം: ഹൈക്കോടതിയും സുപ്രീംകോടതിയും ഇടപെട്ടതോടെ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സെപ്തംബർ 11ന് ഇറക്കിയ ഉത്തരവ് സർക്കാർ തിരുത്തി. ഒരുമാസത്തെ ശമ്പളം നൽകുന്നില്ലെങ്കിൽ ഇഷ്ടമുള്ള തുക നൽകിയാൽ മതിയെന്നും സമ്മതപത്രമില്ലാതെ സാലറി ചലഞ്ച് ഗഡു പിടിക്കരുതെന്നും വ്യവസ്ഥ ഉൾപ്പെടുത്തി ധനവകുപ്പ് ഇന്നലെ പുതിയ സർക്കുലർ പുറത്തിറക്കി.
ആറ് വ്യവസ്ഥകളോടെയാണ് സർക്കുലർ. ഇതിൽ സെപ്തംബർ 11ലെ ഉത്തരവിലെ പത്ത്, പതിനൊന്ന് ക്ളോസുകൾ റദ്ദാക്കി. പത്താം ക്ളോസ് വിസമ്മതപത്രം വേണമെന്നുള്ളതും 11-ാം ക്ളോസ് വിസമ്മതപത്രം നൽകാത്തവരുടെ ശമ്പളം മൊത്തമായി പിടിക്കാനുമുള്ളതായിരുന്നു. സാലറി ചലഞ്ചിൽ കൈപൊള്ളിയതിനെ തുടർന്ന് കൂടിയാലോചനകൾ നടത്തിയാണ് ധനവകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കിയത്. ചൊവ്വാഴ്ച പുറത്തിറക്കാനിരുന്ന സർക്കുലർ ഇന്നലെ മന്ത്രിസഭയെ കൂടി അറിയിച്ചശേഷമാണ് പുറത്തിറക്കിയത്. സമയം വൈകുന്നത് ശമ്പളവിതരണത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും വിവാദങ്ങൾ ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ കൂടി അനുമതിയോടെ പുതിയ സർക്കുലർ പുറത്തിറക്കിയത്.
സർക്കുലറിലെ വ്യവസ്ഥകൾ
1.ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി സെപ്തംബർ 11ന് പുറത്തിറക്കിയ ഉത്തരവിലെ 10, 11 ക്ളോസുകൾ റദ്ദാക്കി. വിസമ്മതപത്ര മാതൃകയും റദ്ദാക്കി
2.ശമ്പളമോ, ഗഡുക്കളോ സംഭാവനയായി നൽകാൻ തയ്യാറുള്ളവരിൽ നിന്ന് ഡി.ഡി.ഒമാർ സമ്മതപത്രം വാങ്ങി സൂക്ഷിക്കണം
3.സാലറി ചലഞ്ചിൽ പങ്കെടുക്കാൻ നേരത്തേ പുറത്തിറക്കിയ ഉത്തരവനുസരിച്ചുള്ള ഏതെങ്കിലും ഒാപ്ഷൻ സ്വീകരിച്ചവരിൽ നിന്ന് ഇനിയും സമ്മതപത്രം വാങ്ങേണ്ടതില്ല.
4.സാമ്പത്തിക പരിമിതി മൂലം സാലറി ചലഞ്ചിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ഇഷ്ടമുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകാം.
5.കരാർ തൊഴിലാളികൾ, താത്കാലിക ജീവനക്കാർ തുടങ്ങിയവർക്കും ഇഷ്ടമുള്ള തുക നൽകാം.
6. ഇനിയും സാലറി ചലഞ്ചിൽ പങ്കെടുക്കണമെന്നുള്ളവർക്ക് സെപ്തംബർ 11ലെ ഉത്തരവിലെ ഒാപ്ഷനുകളിൽ ഏതെങ്കിലും ഉപയോഗിക്കാൻ അനുമതിയും സാവകാശവും ഉണ്ടായിരിക്കും.
ശമ്പളം വൈകിയേക്കും
ശമ്പളവിതരണം തുടങ്ങിയതിന് ശേഷം വന്ന സാലറി ചലഞ്ചിലെ ആശയകുഴപ്പം കാരണം ഇൗ മാസത്തെ ശമ്പളവിതരണം വൈകിയേക്കും. ഒന്നു മുതൽ പത്തുവരെയുള്ള ദിവസങ്ങളിലാണ് ശമ്പളം വിതരണം ചെയ്യുന്നത്. ഇതിനായി തൊട്ടുമുമ്പത്തെ മാസം 22 മുതൽ അതത് വകുപ്പുകളിലെ സാലറി ഡ്രോയിംഗ്, ആൻഡ് ഡിസ്ബേഴ്സ്മെന്റ് ഓഫീസർമാർ ബില്ലുകൾ തയ്യാറാക്കി തുടങ്ങും. സാലറി ചലഞ്ചിലെ മുൻ ഉത്തരവ് അനുസരിച്ച് ജീവനക്കാരുടെ ശമ്പളം സമ്മതപത്രമില്ലാതെ പിടിക്കുന്നതരത്തിൽ തയ്യാറാക്കിയ ബില്ലുകൾ പുതിയ സർക്കുലർ അനുസരിച്ച് റദ്ദാക്കേണ്ടിവരും.പുതിയ സമ്മതപത്രം വാങ്ങുകയോ, സാലറി ചലഞ്ച് പിടിക്കുന്നത് ഒഴിവാക്കുകയോ ചെയ്ത് പുതിയ ബിൽ തയ്യാറാക്കണം. ഇതിന് സമയമെടുക്കും. മൂന്ന് ദിവസം മുതൽ ഒരാഴ്ചവരെ ശമ്പളവിതരണത്തിന് ഇത് കാലതാമസമുണ്ടാക്കിയേക്കും. സെപ്തംബർ 11ലെ ഉത്തരവിലെ മറ്റ് ഏതെങ്കിലും വ്യവസ്ഥകൾ സ്വീകരിച്ച് സമ്മതപത്രം നൽകിയവർക്ക് മാത്രമാണ് ഇൗ മാസം കൃത്യദിവസം ശമ്പളം കിട്ടുക.