kp
kp

തിരുവനന്തപുരം: പൊലീസുകാർക്കെതിരായ പരാതികൾ കംപ്ലെയിന്റ്സ് അതോറിട്ടി ചെയർമാനും അംഗങ്ങൾക്കും പ്രത്യേകം പരിഗണിക്കാൻ അനുമതി നൽകുന്നതിന് ഓർഡിനൻസിറക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്റിസഭാ യോഗം തീരുമാനിച്ചു. കേരള പൊലീസ് ആക്ട് 110-ാം ചട്ടത്തിൽ രണ്ടു ഭേദഗതികൾ വരുത്തണമെന്നാണ് ശുപാർശ. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് നടപടി. ഓർഡിനൻസ് ഇന്നലത്തെ മന്ത്റിസഭ പരിഗണനയ്‌ക്കെടുത്ത സാഹചര്യത്തിൽ നിയമസഭാ സമ്മേളനം ചേരുന്നതു സംബന്ധിച്ച ശുപാർശ അടുത്ത ആഴ്ചയിലേക്ക് മാറ്റി.

നിലവിൽ പൊലീസ് കംപ്ലെയിന്റ്സ് അതോറിട്ടിയിലെ അഞ്ച് അംഗങ്ങളും ഒരുമിച്ചിരുന്നേ കേസുകൾ പരിഗണിക്കാനാവൂ. ഹൈക്കോടതി ജഡ്‌ജിയായി വിരമിച്ച ചെയർമാനും ജില്ലാ ജഡ്ജിയും മുൻ ഡി.ജി.പിയുമായിരുന്നവരാണു ഔദ്യോഗിക അംഗങ്ങൾ. ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയും പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുമാണ് മറ്റ് അംഗങ്ങൾ. ഔദ്യോഗിക കൃത്യനിർവഹണമുള്ളതിനാൽ ആഭ്യന്തര സെക്രട്ടറിക്കും എ.ഡി.ജി.പിക്കും എല്ലാ സി​റ്റിംഗിലും പങ്കെടുക്കാനാകില്ല. ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശത്തിനു വിരുദ്ധമായി നിലപാടെടുക്കാനും കഴിയില്ല. ഇതേത്തുടർന്ന് പരാതികൾ പരിഗണിക്കാതെ കൂട്ടിയിട്ടിരിക്കുകയായിരുന്നു.