കഴക്കൂട്ടം: ക്രിക്കറ്റ് ലഹരിയിൽ ആറാടി നിൽക്കുന്ന കഴക്കൂട്ടത്ത് ആരാധകരെ ആശങ്കയിലാക്കി മഴ . ഇന്നലെ വൈകിട്ടോടെ മഴ കനത്തതോടെ പിച്ചുകൾ പൂർണമായി മൂടിയിട്ടിരിക്കുകയാണ്. ഇന്ന് മത്സരത്തിനിടെ മഴ പെയ്താലും തോർന്ന് 20 മിനിട്ടിനുളളിൽ വെള്ളം ഒപ്പയെടുത്ത് മത്സരം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കനത്ത മഴ പെയ്താലും വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ഫിഷ്ബോണ്ട് ഡ്രെയിനേജ് സംവിധാനമാണ് സ്റ്റേഡിയത്തിലുള്ളത്. കഴിഞ്ഞ വർഷം ഇന്ത്യ -ന്യൂസിലൻഡ് മത്സരം മഴയിൽ മുങ്ങിയിരുന്നു. അന്ന് മത്സരം 8 ഓവറാക്കി വെട്ടിചുരുക്കി പൂർത്തിയാക്കുകായിരുന്നു. ശക്തമായ മഴയത്തും കാണികൾ പിരിഞ്ഞ് പോയിരുന്നില്ല. ഇന്നലെ ഉച്ചതിരിഞ്ഞാണ് ആകാശം മൂടികെട്ടിയത്. രാത്രി ഏഴുമണിയോടെയാണ് മഴ ആരംഭിച്ചത്.
മഴ ചതിക്കില്ലെന്ന് പ്രവചനം
മത്സരത്തെ മഴ ചതിക്കില്ലെന്നാണ് കാലാവസ്ഥാ പ്രവചനം.തിരുവനന്തപുരത്ത് കൂടിയ ചൂട് 33ഡിഗ്രിയും കുറഞ്ഞത് 25 ഉം ആയിരിക്കും.ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും മഴയ്ക്ക് സാധ്യത കുറവ്. പെയ്താൽ തന്നെ ചെറിയ ചാറ്റൽമഴ മാത്രമായിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന സൂചന.