കാട്ടാക്കട : ആദിവാസി പിന്നാക്ക മേഖയിൽ പ്രവർത്തിക്കുന്ന കുറ്റിച്ചൽ പഞ്ചായത്തിലെ പരുത്തിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയിട്ടും കിടത്തി ചികിത്സ ആരംഭിക്കണമെന്ന ആവശ്യത്തിന് പരിഹാരമാകുന്നില്ല. കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾക്ക് ഏക ആശ്രയമാണ് ഈ സർക്കാർ ആശുപത്രി. നിലവിൽ പെട്ടന്ന് ഒരു പ്രാഥമിക ചികിത്സ നൽകാൻപോലും ഉച്ചകഴിഞ്ഞാൽ കുറ്റിച്ചലിൽ ഡോക്ടർമാർ ഉണ്ടാകില്ല എന്നതാണ് യാഥാർത്ഥ്യം. ഇത്രയ്ക്ക് ദു:സ്ഥിതിയായിട്ടും കുറ്റിച്ചൽകാരുടെ ബുദ്ധിമുട്ട് മനസിലാക്കാൻ ആരും തയ്യാറാകുന്നില്ല. ആശുപത്രിയുടെ ഈ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യമുയർന്നിട്ടും നടപടി ഉണ്ടായില്ല.വയലാർ രവി. എം.പി.യുടെ ഫണ്ടിൽ നിന്നും കെട്ടിടവും ഡോ.എ.സമ്പത്ത് എം.പി.യുടെ ഫണ്ടിൽ നിന്നും ലാബ് സൗകര്യവും ഒരുക്കിയിട്ട് വർഷങ്ങളായി. എന്നിട്ടും ചികിത്സാ സംവിധാനമില്ലാത്ത ആദിവാസി മേഖലകൾ കൂടി ഉൾപ്പെടുന്ന ഇവിടെ കിടത്തി ചികിത്സ വേണമെന്നത് നാട്ടുകാരുടെ ചിരകാല സ്വപ്നമാണ്. ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിപോലും കുറ്റിച്ചലിൽ ഇല്ലാത്തതുകാരണം ആളുകൾക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ കഴിയാതെ വരികയാണ്.
അതുപോലെ തന്നെ ഇവിടത്തെ ഡോക്ടർമ്മാർ സെറ്റിൽമെന്റുകളിൽ എത്തിയാണ് പലപ്പോഴും രോഗികളെ പരിശോധിക്കുന്നത്. വിവിധ പരിശോധനകൾക്കും കിടത്തി ചികിത്സയും വേണ്ട രോഗികൾക്ക് പരുത്തിപ്പള്ളി ആശുപത്രിയിൽ സൗകര്യമില്ലാത്തതുകാരണം മറ്റ് ആശുപത്രികളിലേയ്ക്ക് റഫർ ചെയ്യേണ്ട സ്ഥിതിയാണ്. കുറ്റിച്ചൽ നിവാസികൾക്ക് രാത്രികാലങ്ങളിൽ അടിയന്തര ചികിത്സ വേണ്ടിവന്നാൽ കിലോമീറ്ററുകൾ സഞ്ചരിച്ചാലേ രക്ഷയുള്ളൂ. കുറ്റിച്ചലിൽ നിലവിലുള്ള സംവിധാനം ഉപയോഗപ്പെടുത്തി കിടത്തി ചികിത്സ ആരംഭിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും.
അഗസ്ത്യവനമേഖയ്ക്ക് താഴെയുള്ള വിവിധ സെറ്റിൽമെന്റുകളിൽ നിന്നും അത്യാസന്നനിലയിൽ എത്തുന്ന രോഗികളെ ചുമന്ന് വാഹനം വരുന്ന ഭാഗം വരെ കൊണ്ടുവന്ന ശേഷമാണ് ചികിത്സയ്ക്കായി കൊണ്ടുപോകുന്നത്. ഇതുകാരണം പലപ്പോഴും രോഗികളുടെ ജീവൻ രക്ഷിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
|