പരമ്പര പിടിക്കാൻ ഇന്ത്യ,
സമനിലയിലാക്കാൻ വിൻഡീസ്
തിരുവനന്തപുരം : മലയാളക്കര കാത്തിരുന്ന അന്താരാഷ്ട്ര ഏകദിന മത്സരത്തിന് കാര്യവട്ടം സ്പോർട്സ് ഹബ്ബ് അരങ്ങൊരുങ്ങുമ്പോൾ ഇന്ത്യയ്ക്കും വെസ്റ്റ് ഇൻഡീസിനും ഇത് പരമ്പരയിലെ ഫൈനലിന് തുല്യമായ മത്സരമാണ്. അഞ്ച് മത്സര പരമ്പരയിലെ അവസാന കളിക്കായി കാര്യവട്ടത്തിറങ്ങുമ്പോൾ ഇന്ത്യ 2-1ന് പരമ്പരയിൽ മുന്നിലാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. വിൻഡീസിന് ജയം സമ്മാനിക്കുന്നത് പരമ്പരയിലെ സമനിലയാകും.
ഗോഹട്ടിയിൽ നടന്ന പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു രണ്ടാംമത്സരം ടൈയിൽ കുരുങ്ങി. മൂന്നാം മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച് വിൻഡീസ്. എന്നാൽ മുംബയിൽനടന്ന കഴിഞ്ഞ മത്സരത്തിൽ 224 റൺസിന് ജയിച്ച് ഇന്ത്യ പരമ്പരയിൽ മുന്നിലെത്തുകയായിരുന്നു
ഒരു മത്സരത്തിലൊഴികെ മുന്നൂറിലേറെ റൺസ് സ്കോർ ചെയ്ത് മികച്ച ഫോമിലാണ് ഇന്ത്യ. ആദ്യമൂന്ന് ഏകദിനങ്ങളിലും ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി സെഞ്ച്വറികൾ നേടിയിരുന്നു. നാലാം മത്സരത്തിൽ കൊഹ്‌ലിക്ക് 16 റൺസേ എടുക്കാനായുള്ളൂവെങ്കിലും ഇന്ത്യ 377/5 എന്ന സ്കോർ ഉയർത്തിയിരുന്നു. രോഹിത് ശർമ്മയുടെയും (162) അമ്പാട്ടി റായ്ഡുവിന്റെയും സെഞ്ച്വറികളാണ് ബ്രബോണിൽ ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. പരമ്പരയിൽ രോഹിതിന്റെ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്. അമ്പാട്ടി സെഞ്ച്വറിയിലെത്തിയതോടെ മദ്ധ്യനിരയിലെ പോരായ്മകൾക്കും ഇന്ത്യ പരിഹാരം കണ്ടെത്തി. ധോണി, ശിഖർ ധവാൻ എന്നിവർ മാത്രമാണ് ഇനിയും ഫോമിലേക്ക് എത്താനുള്ളത്.
റണ്ണൊഴുകുന്ന പിച്ചിൽ നിയന്ത്രണത്തോടെ പന്തെറിയാൻ കഴിയുന്ന സ്പിന്നർമാരും പേസർമാരുമുള്ളത് ഇന്ത്യയ്ക്ക് പ്രതീക്ഷ പകരുന്നു. കഴിഞ്ഞ കളിയിലെ മൂന്ന് വിക്കറ്റ് നേട്ടത്തോടെയും പേസർ ഖലീൽ അഹമ്മദ് മികച്ച ആത്മവിശ്വാസത്തിലാണ്. ഉമേഷ് യാദവ്, ജസ്‌പ്രീത് ബുംറ എന്നിവരും നന്നായി പന്തെറിയുന്നുണ്ട്. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരിലാണ് സ്പിൻ പ്രതീക്ഷകൾ.
മറുവശത്ത് വിൻഡീസ് അവസാന ചാൻസ് ഏതുവിധേനെയും പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്. ബ്രബോണിലൊഴികെ വിൻഡീസ് ബാറ്റിംഗ് നിരയ്ക്ക് മികവ് കിട്ടാൻ കഴിഞ്ഞിരുന്നു ഷായ് ഹോപ്പ്, ഹെയ്ട്‌മെയർ, റോവ്‌മാൻ പവൽ, കീറോൺ പവൽ, ജസൺ ഹോൾഡർ എന്നിവരിലാണ് സന്ദർശകരുടെ ബാറ്റിംഗ് പ്രതീക്ഷകൾ. വെറ്ററൻ താരം മർലോൺ സാമുവൽസ് ഇതുവരെ ഫോം കണ്ടെത്താത്തത് അവർക്ക് തലവേദനയാണ്. ബൗളിംഗാണ് വിൻഡീസിന്റെ പ്രധാനപ്രശ്നം. കെമർറോഷ്, കീമോപോൾ, ദേവന്ദ്ര ബിഷു, ആഷ്‌ലി നഴ്സിസ് തുടങ്ങിയവർക്ക് ഇന്ത്യൻ ബാറ്റിംഗിന് വെല്ലുവിളിയാകാനേ കഴിയുന്നില്ല.
ടീം ഇവരിൽനിന്ന്
ഇന്ത്യ: വിരാട് കൊഹ്‌ലി, (ക്യാപ്ടൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, അമ്പാട്ടി റായ്ഡു, ഋഷഭ് പന്ത്, ധോണി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, ഭുവനേശ്വർ കുമാർ, ജസ്‌പ്രീത് ബുംറ, ഖലീൽ അഹമ്മദ്, ഉമേഷ് യാദവ്, കെ.എൽ. രാഹുൽ മനീഷ് പാണ്ഡെ.
വിൻഡീസ്
ജാസൺ ഹോൾഡർ (ക്യാപ്ടൻ) , ഫാബിയൻ അല്ലെൻ, സുനിൽ അംബ്രിസ്, ദേവേന്ദ്ര ബിഷു, ചന്ദർപോൾ ഹേം രാജ്, ഷിമ്രോൺ ഹെട്‌മെയർ, ഷായ്‌ഹോപ്പ്, അൽസരി ജോസഫ്, കിരൺ പവൽ, ആഷ്‌ലി നഴ്സ്, കീമോപോൾ, റോവ്‌മാൻ പവൽ, കെമർ റോഷ്, മർലോൺ സാമുവൽസ്, ഒപ്പാനേ തോമസ്, ഒബെദ് മക്‌കോയി
പരമ്പര ഇതുവരെ
1. ഗോഹട്ടി
ആദ്യ ഏകദിനത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചു. വിൻഡീസിന്റെ 322/8 എന്ന സ്കോർ കൊഹ്‌ലിയുടെയും രോഹിത്തിന്റെയും സെഞ്ച്വറി മികവിൽ ഇന്ത്യ ചേസ് ചെയ്തു ജയിച്ചു.
2. വിശാഖപട്ടണം
മത്സരം ടൈയിൽ കലാശിച്ചു. ഇന്ത്യ കൊഹ്‌ലിയുടെ സെഞ്ച്വറി മികവിൽ 321/6 എന്ന സ്കോർ ഉയർത്തി. വിൻഡീസ് 321/7 നേടി
3. പൂനെ
ഇന്ത്യയെ തോൽപ്പിച്ച് വിൻഡീസ്. സന്ദർശകർ ഉയർത്തിയ 283/9 എന്ന സ്കോറിനെതിരെ ഇന്ത്യ 240ന് ആൾ ഒൗട്ടായി. ഇൗ മത്സരത്തിലും കൊഹ്‌ലി സെഞ്ച്വറിയടിച്ചു.
4. മുംബയ്
ഇന്ത്യയ്ക്ക് 224 റൺസ് ജയം. രോഹിത്തിന്റെയും അമ്പാട്ടിയുടെയും സെഞ്ച്വറികൾ ഇന്ത്യയെ 377/5 എന്ന സ്കോറിലെത്തിച്ചു വിൻഡീസ് 153ന് ആൾ ഒൗട്ടായി