തിരുവനന്തപുരം: 2017ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു. മന്ത്രി എ.കെ.ബാലൻ പരിപാടി ഉദ്ഘാടനവും അവാർഡ് വിതരണവും നിർവ്വഹിച്ചു. ദൃശ്യമാദ്ധ്യമങ്ങളുടെ പ്രചാരത്തിലും സാമൂഹിക ഇടപെടലിലും കേരളം വളരെ മുന്നിലാണെന്ന് എ.കെ ബാലൻ പറഞ്ഞു. വാർത്തയായലും വിനോദമായാലും സമൂഹത്തെ മുന്നോട്ട് നയിക്കുന്നതായിരിക്കും. മാദ്ധ്യമങ്ങൾ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ശരിയല്ല. പലപ്പൊഴും ചാനലുകൾ ജനങ്ങളെ 24 മണിക്കൂറും വാർത്തകളുടെ തടവറകളിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മാസ്‌കറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ കെ.മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, എം.വിജയകുമാർ, കെ.കുഞ്ഞികൃഷ്ണൻ, രഘുനാഥ് പലേരി, എൻ.പി.ചന്ദ്രശേഖരൻ, കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ സംസാരിച്ചു.
കഥാവിഭാഗത്തിൽ 39 ഉം കഥേതര വിഭാഗത്തിൽ 29 ഉം രചനാ വിഭാഗത്തിൽ മൂന്നുമായി ആകെ 71 അവാർഡുകളാണ് വിതരണം ചെയ്തത്.