തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ഓരോ മിനിട്ട് ഇടവിട്ട് നോൺ എ.സി ബസുകളും രണ്ട് മിനിട്ട് ഇടവിട്ട് എ.സി ബസുകളും ചെയിൻ സർവീസ് നടത്തും. ഇതിനായി 250 ബസുകളാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നോൺ എ.സി സർവീസുകൾക്ക് 40 രൂപയും എ.സി സർവീസുകൾക്ക് 75 രൂപയും ഈടാക്കും.
നിലയ്ക്കൽ-പമ്പ റൂട്ടിൽ 24 മണിക്കൂറും ചെയിൻ സർവീസുകൾ ഉണ്ടായിരിക്കും. ഇതിനായി 10 ഇലക്ട്രിക് ബസും ഇറക്കും. നവംബർ 16 മുതൽ നിലയ്ക്കൽ- പമ്പ റൂട്ടിൽ തുടർച്ചയായി സർവീസ് നടത്തും. നിലയ്ക്കലിലും പമ്പയിലും കെ.എസ്.ആർ.ടി.സിയുടെ പെയ്ഡ് ക്ലോക്ക് റൂം സംവിധാനം ഉണ്ടായിരിക്കും. പരമാവധി 48 മണിക്കൂർ വരെ നിശ്ചിത തുക അടച്ച് ലഗേജുകൾ ഇവിടെ സൂക്ഷിക്കാം.
എയർപോർട്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും തീർത്ഥാടകരെ സ്വീകരിച്ച് ശബരിമല ദർശനം കഴിഞ്ഞ് തിരികെ കൊണ്ടുവിടുന്നതരത്തിൽ ടൂർ പാക്കേജ് ക്രമീകരിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി യുടെ വെബ്‌സൈറ്റ് വഴി മുൻകൂർ ബുക്കിംഗ് നടത്താം. പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് കമ്പ്യൂട്ടർവത്കരിച്ച ഓൺലൈൻ ടിക്കറ്റ് സംവിധാനമായിരിക്കും. ഓൺലൈൻ വെർച്വൽ ക്യൂ ടിക്കറ്റും സൈറ്റിൽ ലഭ്യമാകും. സൈറ്റിൽ നിന്ന് ടിക്കറ്റെടുത്തു കഴിഞ്ഞ് പൊലീസിന്റെ വെർച്വൽ ക്യൂ ടിക്കറ്റും എടുക്കാം.
നിലയ്ക്കലിലും പമ്പയിലുമായി 15 ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടായിരിക്കും. 15 കിയോസ്‌കുകളും സജ്ജീകരിക്കും. തുക അടച്ചോ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ടിക്കറ്റ് എടുക്കാം. എല്ലാ ബുക്കിംഗ് കൗണ്ടറുകളിലും ഇ പോസ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്.
ചടങ്ങിൽ ശബരീദർശൻ 2018 വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ടോമിൻ ജെ. തച്ചങ്കരിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.