epiphany

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കുന്നതിന് സൗഹൃദ ലോകം കെട്ടിപ്പൊക്കണമെന്ന ആശയം സമ്മാനിക്കാൻ 'എപ്പിഫണി" എന്ന ചിത്ര പ്രദർശനത്തിന് ഇന്ന് മ്യൂസിയം ആഡിറ്റോറിയത്തിൽ തുടക്കമാകും.

മൂന്ന് പെൺകുട്ടികൾ ചേർന്നൊരുക്കുന്ന പ്രദർശനത്തിൽ 50 പരിസ്ഥിതി ബോധവത്കരണ ചിത്രങ്ങളാണുള്ളത്. നാല് വിദ്യാർത്ഥികളുടെ ഫോട്ടോ പ്രദർശനവും ഒപ്പം ഒരുക്കിയിട്ടുണ്ട്. പ്രകൃതിക്കൊപ്പം സ്ത്രീകളുടെയും വേദന പകർത്തിയ ചിത്രങ്ങൾ പതിനൊന്നാം ക്ളാസുകാരികളായ സെറ മറിയം ബിന്നി, റോഷ്ണി റൊണാൾഡ്, ഹർഷിത ഹെവൻ എന്നിവരാണ് വരച്ചത്.

പ്രദർശനം വൈകിട്ട് 5.30ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും.വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയം പ്രിൻസിപ്പൽ ഷൈല .ഒ.ആർ, കേരള സർവകലാശാല വിദൂര വിദ്യാഭ്യാസകേന്ദ്രം മലയാളം കോ - ഓർഡിനേറ്റർ ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ഡബ്ളിയു.ഡബ്ളിയു.എഫ് ഇന്ത്യ ഡയറക്ടർ രൻജൻ മാത്യു, സാഹിതി മാതൃഭാഷ പഠനകേന്ദ്രം ഡയറക്ടർ ഡോ.എസ്. രമേഷ് കുമാർ, സാഹിതി സെക്രട്ടറി കാർട്ടൂണിസ്റ്റ് ഹക്കു, ഹരി ചാരുത എന്നിവർ പ്രസംഗിക്കും. പ്രദർശനം ശനിയാഴ്ച അവസാനിക്കും.