s
മംഗലം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി നിർമിച്ച സ്റ്റീം കിച്ചൺ

ഹരിപ്പാട്: ആറാട്ടുപുഴ മംഗലം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കുട്ടികളുടെ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് നിർമ്മിച്ച സ്റ്റീം കിച്ചൺ ഉദ്ഘാടനം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിച്ചില്ല. കെ.സി.വേണുഗോപാൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് എട്ടു ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മിച്ചത്. പ്രവർത്തനം തുടങ്ങും മുൻപേ കെട്ടിടത്തിന്റെ ഷെയ്ഡിന് താഴെ കോൺക്രീറ്റ് അടർന്നു.കിച്ചണിൽ വിറക് അടുപ്പാണ് തയ്യാറാക്കിയിട്ടുളളത്. എന്നാൽ സ്‌കൂളുകളിൽ വിറക് അടുപ്പ് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യസ വകുപ്പ് ഇപ്പോൾ നിർദേശിച്ചിട്ടുണ്ട്. ഇതുമൂലം ഗ്യാസ് അടുപ്പിന് ഓർഡർ നല്കി കാത്തിരിക്കുകയാണ് സ്കൂൾ അധികൃതർ. ഇത് ലഭിച്ചാൽ പ്രവർത്തനം ആരംഭിക്കാൻ കഴിയും. കെട്ടിടം ഉപയോഗിക്കാതെ കിടക്കുന്നത് തകർച്ചയിൽ എത്തിക്കുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. സ്റ്റീം കിച്ചണിന്റെ പ്രയോജനം എത്രയും പെട്ടെന്ന് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കർഷകമോർച്ച ഹരിപ്പാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.ദീപക് ആവശ്യപ്പെട്ടു.