കായംകുളം : കടന്നുപോകാൻ മണിക്കൂറുകളോളം കാത്തുകിടക്കേണ്ടി വരുന്ന മാമ്പ്രക്കന്നേൽ ലെവൽ ക്രോസിൽ മേൽപ്പാലം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. പദ്ധതിക്കായി സംസ്ഥാന സർക്കാർ കിഫ്ബിയിൽപ്പെടുത്തി 31.21 കോടി രൂപ അനുവദിച്ചതാണ് പ്രതീക്ഷകൾക്ക് ചിറകുമുളയ്ക്കാൻ കാരണം. നേരത്തേ റെയിൽവേ ബഡ്ജറ്റിൽ ഫണ്ടനുവദിച്ച മേൽപ്പാലങ്ങളുടെ പട്ടികയിലും മാമ്പ്രക്കന്നേൽ ഇടം നേടിയിരുന്നു.
ട്രെയിൻ കടന്നുപോകാനായി അടയ്ക്കുന്ന ഗേറ്റ് മിക്കപ്പോഴും ഏറെ നേരം കഴിഞ്ഞ തുറക്കാറുള്ളൂ. ഇതു കാരണം വാഹനങ്ങളുടെ നീണ്ട നിര ഗേറ്റിന്റെ ഇരുഭാഗങ്ങളിലുമുണ്ടാകും. ചിലസമയങ്ങളിൽ ഗേറ്റിൽ കാത്തുകിടക്കുന്ന വാഹനങ്ങളുടെ നിര ദേശീയപാത വരെ നീളും ഇത് മുക്കട ജംഗ്ഷനിലും ദേശീയ പാതയിലും വരെ ഗതാഗതക്കുരുക്കിന് കാരണമാകും. ഇതിനുപുറമെ, തീവണ്ടി കടത്തിവിടാനായി അടയ്ക്കുന്ന ഗേറ്റ് തുറക്കാൻ കഴിയാത്ത സ്ഥിതിയും ഇടയ്ക്കൊക്കെ ഉണ്ടാകാറുണ്ട്. ഗേറ്റ് തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം വാഹനങ്ങൾ കാത്ത് കിടക്കേണ്ടി വന്നിട്ടുണ്ട്.
കൃഷ്ണപുരം നിവാസികളുടേയും യാത്രക്കാരുടേയും വർഷങ്ങളായുള്ള ആവശ്യമാണ് മാമ്പ്രക്കന്നേൽ മേൽപ്പാലം. ഇതിനായി 2004 മുതൽ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് സമര രംഗത്താണ് ജനങ്ങൾ.
ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സമര പരിപാടികളുടെ ഭാഗമായി ഉപവാസം, ഒപ്പ് ശേഖകരണം, ധർണ എന്നിവ നടത്തി . ഇതേ തുടർന്ന് റെയിൽവേ എൻജിനിയറിംഗ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സർവേ നടത്തി റിപ്പോർട്ട് ന
ൽകിയിരുന്നു.
മാമ്പ്രക്കന്നേൽ ലെവൽ ക്രോസ്
ദേശീയപാതയിൽ നിന്ന് വള്ളികുന്നത്തേക്കും കെ.പി. റോഡിലേക്കുമുള്ള പ്രധാന റോഡിലാണ് ഈ ലെവൽക്രോസ്.
കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടികൾ കടന്നുപോകുന്നതിനാൽ ഗേറ്റ് നിരന്തരം അടച്ചിടുന്നതിനാൽ റോഡിൽ മിക്കപ്പോഴും ഗതാഗതക്കുരക്കുണ്ടാകുന്നു
നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ദേശീയപാതയിൽ കടക്കാനായി കെ.പി. റോഡിലുടെ മുക്കടയിലേക്കെത്തുന്ന വാഹനങ്ങൾക്ക് ലെവൽക്രോസിലെ കാത്തുകിടപ്പ് ദുരിതമുണ്ടാക്കുന്നു
''കിഫ്ബിയിൽ പണം അനുവദിച്ചതോടെ പാലം യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നത്. തുടർ നടപടികൾ എത്രയും വേഗം ആരംഭിയ്ക്കണം.
എം. വിശ്യാം
ആക്‌ഷൻ കൗൺസിൽ കൺവീനർ