buds
മാരാരിക്കുളംം വടക്ക് ബഡ്സ് സ്കൂളിൽ കുട്ടികളും അദ്ധ്യാപകരും ചേർന്ന് മൺചട്ടിയിൽ കൃഷി ഒരുക്കുന്നു

ആലപ്പുഴ : മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് കൃഷിയിലൂടെ ഉല്ലാസം പകർന്നു നൽകാനും അതിലൂടെ ബുദ്ധി വികാസമുണ്ടാക്കാനും അഗ്രി തെറാപ്പിയുമായി 'ബഡ്സ് സ്കൂൾ". കുടുംബശ്രീയുടെ നേതൃത്വത്തിലാണ് 'സഞ്ജീവനി അഗ്രിതെറാപ്പി " എന്ന പേരിൽ കൃഷി പരിശീലന പദ്ധതി തുങ്ങിയത്.

ജില്ലയിലെ മൂന്ന് ബഡ്സ് സ്കൂളുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി. തിരുവന്തപുരം, മലപ്പുറം ജില്ലകളിലെ ബഡ്‌സ് സ്കൂളുകളിൽ കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതി വിജയിച്ചതിനെതുടർന്നാണ് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. പദ്ധതി തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് കുട്ടികളിൽ നിന്ന് ലഭിക്കുന്നതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

മാരാരിക്കുളം വടക്ക്, പാണാവള്ളി,പുന്നപ്ര വടക്ക് എന്നിവിടങ്ങളിലെ സ്കൂളിലാണ് പദ്ധതി ആരംഭിച്ചത്. പ്ലാസ്റ്റിക് വിമുക്തമായ കൃഷി രീതിയാണ് നടപ്പാക്കിയത്. മൺചട്ടിയിലാണ് കൃഷി നടത്തുന്നത്. 18 വയസിൽ താഴെയുള്ള കുട്ടികൾക്കായി 88 ബഡ്‌സ് സ്‌കൂളുകളും അതിന് മുകളിൽ പ്രായമുള്ളവർക്കായി 114 ബി.ആർസികളും സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുണ്ട്.

ബഡ്‌സ് സ്കൂളുകളുടെ സമീപത്ത് കുറഞ്ഞത് രണ്ട് സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത്. സ്‌കൂളിലെ അദ്ധ്യാപകരും കുടുബശ്രീ കോ-ഓഡിനേറ്റർമാരുമാണ് കുട്ടികൾക്ക് കൃഷി ചെയ്യുന്നതിൽ പരിശീലനം നൽകുക. പയർ, വെണ്ട, ചീര, വഴുതന, പച്ചമുളക് എന്നിവയാണ് പ്രാരംഭഘട്ടത്തിൽ കൃഷി ചെയ്യുന്നത്.

ജില്ലയുടെ ഭൂമിശാസ്ത്ര പ്രത്യേകത അനുസരിച്ചാണ് കൃഷി തിരഞ്ഞെടുത്തിരിക്കുന്നത്. പുന്നപ്ര വടക്ക് പഞ്ചായത്തിിൽ ഗ്രോബാഗുകളിലും കൃഷി ചെയ്യുന്നുണ്ട്. കൃഷിയ്ക്ക് വേണ്ടി കൂടുതൽ സ്ഥലം ആവശ്യമായി വന്നാൽ ജില്ലാ കുടുംബശ്രീ മിഷൻ സ്ഥലം കണ്ടെത്തി നൽകും.കൃഷ്ണപുരം ,മണ്ണഞ്ചേരി ബി.ആ‌ർ.സികളിലും ഉടൻ കൃഷി ആരംഭിക്കും. ഇവിടെ വിപുലമായ രീതിയിൽ പാവൽ, പടവലം കൃഷി ആരംഭിക്കാനാണ് കുടുംബശ്രീ തയ്യാറെടുക്കുന്നത്.

ജില്ലയിൽ 7 ബഡ്സ് സ്കൂളുകൾ, 9 ബി.ആ‌ർ.സികൾ

 അഗ്രി തെറാപ്പി

അഗ്രി തെറാപ്പി ഒരു സൈകോ തെറാപ്പി ചികിത്സാരീതിയാണ് .മാനസിക വെല്ലുവിളിയുള്ളവരുടെ കഴിവുകൾ പുറത്തെടുക്കുന്നതോടൊപ്പം മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഞ്ജീവനി അഗ്രി തെറാപ്പിയിലൂടെ സാധിക്കും. ഇതിനോടൊപ്പം സ്കൂളിലേക്കാവശ്യമായ പച്ചക്കറിയും കുട്ടികൾക്ക് ഉത്പാദിപ്പിക്കാം. ജൈവ പച്ചക്കറിയാണ് ഉത്പാദിപ്പിക്കുന്നത്. കൃഷിയിൽ നിന്ന് കൂടുതൽ വിളവ് ലഭിക്കുകയാണെങ്കിൽ പച്ചക്കറി പുറത്ത് വില്പന നടത്തുവാനും ആലോചിക്കുന്നുണ്ട്.

ജില്ലയിൽ ആദ്യഘട്ടത്തിൽ മൂന്ന് സ്ഥലങ്ങളിലാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. രണ്ട് സ്ഥലങ്ങളിൽ കൂടി ഉടൻ ആരംഭിക്കും. കുട്ടികൾക്ക് വീടുകളിലും കൃഷി നടത്താം. ജില്ലയിൽ ബഡ്സും ബി.ആർ.സികളുമായി പുതിയതായി 13 സ്ഥാപനങ്ങൾ സ്ഥാപിക്കും. അതിന്റെ നടപടിക്രമങ്ങളിലാണ്. 5000രൂപ സ്റ്റെപ്പന്റാണ് കൃഷിക്ക് നൽകിയത്.

സുജ ഇൗപ്പൻ, ജില്ലാ കുടുബശ്രീ മിഷൻ കോ ഓർഡിനേറ്റർ