ആലപ്പുഴ : തിരക്കേറിയ നഗരപാതകൾ വഴിയോര കച്ചവടക്കാർ കൈയടക്കിയതോടെ കാൽനടയാത്ര പോലും ബുദ്ധിമുട്ടായി. വാഹനയാത്രക്കാരാണ് ഏറെ വലയുന്നത്.
ഓരോ ദിവസവും വഴിയോര കച്ചവടക്കാരുടെ എണ്ണം കൂടുകയാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയോടെ എത്തുന്നതു കൊണ്ട് ഇവർക്കെതിരെ നടപടിയൊന്നുമുണ്ടാകാറില്ല.
ഇടുങ്ങിയ റോഡുകളുള്ള ആലപ്പുഴയിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. ഒഴിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കടകൾ വീണ്ടും പ്രത്യക്ഷപ്പെടും. മുല്ലക്കൽ തെരുവിലും ജില്ലാ കോടതി മുതൽ കോടതിപ്പാലം വരെയും വഴിയോര കച്ചവടം കാരണം ദിവസവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. നടപ്പാതയും റോഡും കൈയേറിയാണ് ഇവിടെ കച്ചവടം. വാഹനങ്ങളിലെത്തി കച്ചവടം ചെയ്യുന്നവരുമുണ്ട്.. പഴം, പച്ചക്കറി കച്ചവടക്കാരാണ് ഇവരിൽ കൂടുതലും. ദിവസേന നൂറു കണക്കിന് വിദ്യാർത്ഥികൾ കടന്നു പോകുന്ന കോടതിപ്പാലം മുതൽ വടക്കോട്ടുള്ള റോഡിൽ കാൽനടയാത്രയ്ക്ക് വഴിയോര കച്ചവടം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയെ തുടർന്ന് മുമ്പ് എൻ.പദ്മകുമാർ ജില്ലാ കളക്ടർ ആയിരുന്നപ്പോൾ നടപടിയെടുത്തിരുന്നു. എന്നാൽ പിന്നീട് എല്ലാം പഴയപടിയായി. പിന്നീട് വന്ന കളക്ടർമാർ വിഷയത്തിൽ ശക്തമായ നടപടി കൈക്കൊണ്ടിട്ടില്ലെന്ന് ആരോപണമുണ്ട്.
പുനരധിവാസം ഉറപ്പാക്കി വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാൻ നഗരസഭക്കും കഴിയുന്നില്ല. വഴിയോര കച്ചവടക്കാർ കഴിഞ്ഞ ദിവസം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭയിലേക്ക് മാർച്ച് നടത്തിയിരുന്നു. ഭരണ-പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണയുള്ളതിനാലാണ് നഗരത്തിലെ റോഡ് കൈയേറ്റം തടയാൻ കഴിയാത്തതെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം .
'' വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കണം. ലൈസൻസ് നൽകണം. നഗര കച്ചവട കമ്മിറ്റി പ്രതിമാസം യോഗം ചേരണം. തൊഴിൽ സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് നഗരസഭ നൽകണം.
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ