 'കുട്ടനാടിന്റെ അതിജീവനം' സെമിനാറിൽ വിദഗ്ദ്ധാഭിപ്രായങ്ങൾ

ആലപ്പുഴ: സമഗ്രവും ദീർഘവീക്ഷണവുമുള്ള പദ്ധതികളാണ് കുട്ടനാടിന്റെ അതിജീവനത്തിന് അനിവാര്യമെന്ന് വിദഗ്ദ്ധരുടെ അഭിപ്രായം. കേരള ഗവൺമെന്റ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ആലപ്പുഴ പ്രസ്‌ക്ലബ്ബ് 'കുട്ടനാടിന്റെ അതീജീവന'മെന്ന വിഷയത്തിൽ പ്രസ് ക്ളബ്ബ് ഹാളിൽ സംഘടിപ്പിച്ച സെമിനാറിലാണ് വിവിധ അഭിപ്രായങ്ങൾ ഉയർന്നുവന്നത്.

കുട്ടനാടന്‍ മേഖലയിൽ വെള്ളം എത്രവരെയാകാം എന്നത് കണക്കാക്കി നിലനിറുത്തിക്കൊണ്ടുപോകുന്നതിനു കേന്ദ്രീകൃത സംവിധാനം വേണമെന്ന ആശയമായിരുന്നു ആദ്യത്തേത്. എ-സി റോഡും എ-സി കനാലും അടക്കമുള്ള യാത്രാമാർഗങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായി പഠനം നടത്തി വിപുലീകരിക്കണം. എ-സി റോഡിന്റെ നിലവാരം ഉയർത്തണം. എലിവേറ്റഡ് ഹൈവേ അടക്കം പരിഗണിക്കാവുന്നതാണെന്നും അഭിപ്രായം ഉയർന്നു.

പ്രസ്‌ക്ലബ് ഹാളിൽ നടന്ന സെമിനാറിൽ പ്രസിഡന്റ് വി.എസ്. ഉമേഷ് മോഡറേറ്ററായിരുന്നു. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ വർഗീസ് കണ്ണമ്പള്ളി അഭിപ്രായങ്ങൾ ക്രോഡീകരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. ചർച്ചകളിൽ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ ജോയ് ജനാർദ്ദനൻ, അലക്‌സ് മാത്യു, ജോസ് ജോൺ വെങ്ങാത്തറ, ആന്റണി തോമസ്, കുര്യൻ ജെ. മാലൂർ, സോണൽ നൊറോണ, ജെയിംസ് കല്ലുപാത്ര, ടിന്റോ എടയാടി, ജൂബിൻ ജേക്കബ് കൊച്ചുപുരയ്ക്കൽ, തോമസ് ജോസഫ് ഇല്ലക്കൽ തുടങ്ങിയവർ ചര്‍ച്ചകളിൽ പങ്കെടുത്തു.

............................................

 എ-സി റോ‌ഡ് നവീകരണം അനിവാര്യം

ചെറിയ വെള്ളപ്പൊക്കമുണ്ടായാൽപോലും എ-സി റോഡിൽ വെള്ളം കയറി കുട്ടനാട്ടിലേക്കുള്ള ഗതാഗതം തടസപ്പെടുന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് സെമിനാർ വിലയിരുത്തി. കനാലിൽ നിന്ന് മണൽ കോരിയാണ് റോഡ് നി‌ർമ്മിച്ചിരിക്കുന്നത്. അടിഭാഗത്തുള്ള ചെളിയുടെ ഉറപ്പില്ലായ്മ്മ റോഡ് താഴാൻ കാരണമാകുന്നുണ്ട്. നിലവിലുള്ള റോഡ് നിലനിറുത്തിക്കൊണ്ട് ഫ്ലൈഒാവർ പാലത്തിനുള്ള സാദ്ധ്യതയും പരിഗണിക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

.................................................

''ആഗോളതാപനം മൂലം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഭാവിയിൽ ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കം മുന്നിൽ കണ്ടുള്ള പദ്ധതികളാണ് കുട്ടനാട്ടിലെ ജല നിര്‍ഗമനത്തിന് ആവശ്യം. കുട്ടനാടിന്റെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകിയുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ഇവിടെ പ്രായോഗികം''

(മുൻ മന്ത്രി പരേതനായ ടി.എം. ജേക്കബിന്റെ മകൾ അഡ്വ. അമ്പിളി ജേക്കബ്, മാനേജ്മെന്റ് വിദഗ്ദ്ധ)

.................................................

''അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ഇടത്തോടുകൾ അടച്ചത് കുട്ടനാട്ടിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയുണ്ടാക്കി. കുട്ടനാട്ടിലെ ജലാശയങ്ങളുടെ സംഭരണ ശേഷി സംബന്ധിച്ച് പഠനം നടത്തണം. എ-സി റോഡിന്റെ ചെളി നിറഞ്ഞ അടിത്തട്ട് ബലവത്തല്ലാത്തതിനാൽ റോഡ് താഴുന്ന അവസ്ഥയാണ്. ഇതിന് പരിഹാരമായി ടച്ച് പൈലിംഗ് നടത്തുകയോ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുകയോ വേണം. ഇടുങ്ങിയ പാലങ്ങൾക്ക് പകരം ബോട്ടുകൾക്ക് കടന്നു പോകാവുന്ന തരത്തിലുള്ള സ്റ്റീൽ പാലങ്ങൾ നിർമിക്കാം''

(ഡോ. യാക്കൂബ് മോഹൻ ജോർജ്, മുൻ ഡപ്യൂട്ടി ചീഫ് എൻജിനീയർ)

........................................

''കുട്ടനാട്ടിലേക്ക് എത്തുന്ന നദികളിലെ ജലനിരപ്പ് നിയന്ത്രിക്കാൻ ചെക്ക് ഡാമുകളോ റഗുലേറ്ററുകളോ വേണം. ഇത്തരം സംവിധാനമുണ്ടായാല്‍ ജല നിരപ്പ് ക്രമീകരിക്കാന്‍ കഴിയും. ഡോ. എം.എസ് സ്വാമിനാഥന്‍ കണക്കാക്കിയ 1.25 മീറ്റർ ജലവിതാനം കണക്കാക്കിയാണ് നിലവിലെ പാടശേഖര ബണ്ടുകൾ നിർമിച്ചിരിക്കുന്നത്. എന്നാൽ പ്രളയ സമയത്ത് 1.65 മീറ്ററായിരുന്നു ജലവിതാനം''

(ടി. ബിജു, ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ)

...................................

''തോട്ടപ്പള്ളി സ്പിൽവേയുടെയും ലീഡിംഗ് ചാനലിന്റെയും വീതി വർദ്ധിപ്പിക്കുകയും കുട്ടനാട്ടിലേക്കെത്തുന്ന നദിയുടെ ഉത്ഭവസ്ഥാനം മുതൽ കടലിൽ പതിക്കുന്നത് വരെയുള്ള ജലവിതാനം പരിശോധിക്കുന്ന സംവിധാനം ഫലവത്താക്കുകയും ചെയ്ത ശേഷം വേണം തുടർനടപടികളിലേക്കു കടക്കേണ്ടത്''

(കമാൻഡർ ഇ.ജെ. ചാക്കോ, കർഷകസംഘം പ്രസിഡന്റ്)