ആലപ്പുഴ: നഗരത്തിൽ പഴവീട്, കൈതവന, തിരുവമ്പാടി ഭാഗങ്ങളിലായി രണ്ടാഴ്യ്ചക്കുള്ളിൽ നടന്നത് അഞ്ച് അപകടങ്ങൾ. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ രണ്ട് അപകടങ്ങളാണ് എ-സി റോഡിലെ കൈതവനയിൽ ഉണ്ടായത്. ആറുപേർക്ക് പരിക്കേറ്റു.

ആദ്യം ബൈക്കും കാറും കൂട്ടിയിടിച്ച് നാലുപേർക്കും പിന്നീട് ട്രെയിലർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര ആഴ്ചമുൻപ് അർദ്ധരാത്രിയിൽ ദേശീയപാതയിൽ തിരുവമ്പാടിക്കു സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് ആറു പേർക്ക് പരിക്കേറ്റിരുന്നു. ഒരാഴ്ചയ്ക്കിടെ പഴവീട് നടന്ന രണ്ട് അപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റു. രാത്രി ഒന്നരയോടെ പത്തനം തിട്ടയിലേയ്ക്ക് പോയ കാർ നിയന്ത്രണം വിട്ട് കണ്ടയ്നർ ലോറിയിയിൽ ഇടിച്ച് അഗ്നിക്കിരയായി. കാറിലെ നാല് യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാർ പൂർണ്ണമായി അഗ്നിക്കിരയായി. നാല് ദിവസം മുമ്പ് യുവാവ് സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചു. സമീപത്തെ കാനയിൽ വീണ് ബൈക്ക് യാത്രികന് തലയ്ക്ക് പരിക്കേറ്റു. കാർ നിറുത്താതെ പോയി. പഴവീട്ടിൽ വീടിനു സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ പൂർണ്ണമായി അഗ്നിക്കിരയായ സംഭവും ഉണ്ടായി. അപകടങ്ങളെല്ലാം രാത്രിയിലാണെന്നതാണ് പ്രത്യേകത.