വൈക്കം -എറണാകുളം റൂട്ടിൽ ആഡംബര ബോട്ട് നാലു മുതൽ
പൂച്ചാക്കൽ: വൈക്കം -എറണാകുളം റൂട്ടിൽ സർവ്വീസിനെത്തിച്ച, ജലഗതാഗത വകുപ്പിന്റെ ആഡംബര ബോട്ട് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. നാലിന് ഉച്ചയ്ക്ക് രണ്ടിന് വൈക്കം ബോട്ട് ജെട്ടിയിൽ മന്ത്രി തോമസ് ഐസക് സർവീസ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
വൈക്കം ബോട്ട് ജെട്ടിയിൽ നിന്നു എറണാകുളം ഹൈക്കോടതി ജെട്ടിയിലേക്ക് ഒരു മണിക്കൂർ 10 മിനുട്ട് കൊണ്ട് എത്തുന്ന വിധം അതിവേഗ സർവ്വീസാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ റൂട്ടിൽ സർവ്വീസ് നിലച്ചിട്ട് വർഷങ്ങളായി. അതിനുള്ള പരിഹാരം കൂടിയാണ് പുതിയ ബോട്ട്. വിനോദ സഞ്ചാരികൾക്കായുള്ള ശീതീകരിച്ച ഭാഗത്ത് 50 സീറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. ഈ സീറ്റുകൾക്ക് നിരക്കും കൂടും. അരൂരിലെ ബോട്ട് യാർഡിലാണ് ബോട്ട് നിർമ്മിച്ചത്. പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി, തേവര എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ അനുവദിക്കാനാണ് നിലവിലെ തീരുമാനം. വിനോദ സഞ്ചാരികൾക്കും യാത്രക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ജലയാത്രയാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.
പരീക്ഷണ യാത്രയിൽ വൈക്കം എം.എൽ.എ സി.കെ. ആശ, അരൂർ എം.എൽ.എ എ.എം. ആരിഫ് എന്നിവരും ബോട്ടിലുണ്ടായിരുന്നു.
........................................
നിർമ്മാണ ചെലവ്: 1.70 കോടി
നീളം: 22 മീറ്റർ
വീതി: 7.5 മീറ്റർ
ആകെ ഇരിപ്പിടങ്ങൾ:120