ഹരിപ്പാട്: ലഹരിവില്പനയുമായി ബന്ധപ്പെട്ട് മുമ്പ് എക്സൈസിന്റെ പിടിയിലായിട്ടുള്ള ആളിന്റെ വീട്ടിൽ എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ഓട്ടോറിക്ഷയിലെത്തി 'റെയ്ഡ്' നടത്തുകയും മൂന്നുപവന്റെ മാലയും മൊബൈൽഫോണും പണവും ഉൾപ്പെടെ കവരുകയും ചെയ്ത മൂന്നംഗ സംഘം പിടിയിൽ. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി ഹരീഷ് കുമാർ (31), തൃശൂർ സ്വദേശികളായ മണികണ്ഠൻ (49), ഷഹീർ (24) എന്നിവരെയാണ് കനകക്കുന്ന് പൊലീസ് ഇന്നലെ രാവിലെ ആറരയോടെ തൃശൂരിൽ നിന്നു അറസ്റ്റ് ചെയ്തത്.
എക്സൈസ് കേസിൽ പ്രതിയായിരുന്ന മുതുകുളം തെക്ക് മണ്ണാരേത്ത് സജീവന്റെ വീട്ടിൽ ഒക്ടോബർ 23 നായിരുന്നു തട്ടിപ്പ് നടന്നത്. ഹരിപ്പാട് റേഞ്ചിൽ നിന്നുള്ള എക് സൈസ് ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന രാവിലെ ഏഴോടെ വീട്ടിലെത്തിയ സംഘത്തിലെ ഒരാൾ പുറത്തിരുന്നശേഷം മറ്റുള്ളവരോട് അകത്ത് കയറി 'പരിശോധന' നടത്താൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടിൽ നിന്ന് 15,000 രൂപ, മൂന്ന് പവന്റെ മാല, 12,000 രൂപയുടെ മൊബൈൽ ഫോൺ എന്നിവ കൈക്കലാക്കിയ ശേഷം അടുത്ത ദിവസം ഹരിപ്പാട് റേഞ്ച് ഓഫീസിൽ എത്തി വാങ്ങിക്കോളാൻ പറഞ്ഞ് ഓട്ടോയിൽത്തന്നെ മടങ്ങുകയായിരുന്നു. ജീപ്പ് മറ്റൊരു റെയ്ഡിന് പോയിരിക്കുകയാണെന്നാണ് പറഞ്ഞത്.
സംശയം തോന്നിയ സജീവൻ വൈകിട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഓട്ടോയിൽ കായംകുളം ഒ.എൻ.കെ ജംഗ്ഷനിൽ ഇവർ ഇറങ്ങുന്ന ദൃശ്യങ്ങൾ സമീപത്തെ കടയിലെ സി.സി.ടി.വി യിൽ നിന്നു പൊലീസിന് ലഭിച്ചു. സജീവന്റെ വീട് തിരക്കി ഹരീഷ് കുമാർ ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്. തട്ടിപ്പ് നടത്തിയ ദിവസംതന്നെ സംഘം ട്രെയിനിൽ തൃശൂരിലേക്ക് പോയിരുന്നു.
ഹരീഷ് വിവാഹം കഴിച്ചിരിക്കുന്നത് തൃശൂരിൽ നിന്നാണ്. അങ്ങനെയാണ് മറ്റ് രണ്ടു പേരുമായി പരിചയപ്പെടുന്നത്. ഹരീഷിനെയും മണികണ്ഠനേയും മണ്ണുത്തിയിൽ നിന്നും ഷെഹീറിനെ എരുമപ്പെട്ടയിലെ ഇയാളുടെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഹരീഷിന്റെ പേരിൽ തൃക്കുന്നപ്പുഴ സ്റ്റേഷനിൽ മൂന്ന് മോഷണക്കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷെഹീറിനെ രണ്ടുകിലോ കഞ്ചാവുമായി റെയിൽവേ പൊലീസ് പിടികൂടിയിട്ടുണ്ട്. മൂവരെയും റിമാൻഡ് ചെയ്തു. കനകക്കുന്ന് എസ്.ഐ ജി.സുരേഷ് കുമാർ, ഗ്രേഡ് എസ്.ഐ ശശികുമാർ, സി.പി.ഒ മാരായ പത്‌മരാജൻ, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.