അമ്പലപ്പുഴ: ആക്രി പെറുക്കി സ്വരൂപിച്ച തുക നവകേരളത്തിന്റെ പുനർനിർമ്മാണത്തിനായി നൽകിയ തമിഴ്നാട് സ്വദേശിനിയുടെ കുടുംബത്തിന് ഡോക്ടറുടെ സഹായം. മെഡിക്കൽ കോളേജ് ആശുപത്രി കാൻസർ വിഭാഗം മേധാവി ഡോ.ശിവരാമകൃഷ്ണനാണ് തമിഴ്നാട് സ്വദേശിനി തിലകയ്ക്കും മകൾ മാസാണിക്കും സഹായവുമായെത്തിയത്. വർഷങ്ങളായി ആക്രി പെറുക്കി ജീവിക്കുന്ന തിലകയുടെ ഭർത്താവ് മാരിയപ്പൻ ഏതാനും മാസം മുൻപ് മരണമടഞ്ഞിരുന്നു. ഇതിനു ശേഷം കാക്കാഴത്ത് വാടക വീട്ടിൽ കഴിയുന്നതിനിടെയാണ് കേരളത്തെ പ്രളയം വിഴുങ്ങിയത്. നവകേരളത്തിന്റെ പുനർനിർമാണത്തിനായി നാട് കൈകോർത്തപ്പോൾ തിലക വാടക നൽകാൻ കരുതിയിരുന്ന 1200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു. ഇന്നലെ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ തുക തിലകക്ക് കൈമാറി. ഡോ.. ശിവരാമകൃഷ്ണൻ, എളിമ പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.