ആലപ്പുഴ : ആഡംബര ബോട്ടിനു പിന്നാലെ വാട്ടർ ബസ് സർവീസ് തുടങ്ങാനൊരുങ്ങി ജലഗതാഗതവകുപ്പ്. ഉൾനാടൻ ജലപാതയിൽ വാട്ടർ ബസ് ഓടിക്കുന്നതിനെപ്പറ്റിയുള്ള സാദ്ധ്യതാ പഠനം അവസാനഘട്ടത്തിലാണ്. ഇന്ധനവില വർദ്ധനവിനിടെ പിടിച്ച് നിൽക്കാൻ അധുനിക രീതിയിലുള്ള മാറ്റങ്ങൾ അനിവാര്യമാണെന്ന കണ്ടെത്തലാണ് ജലഗതാഗത വകുപ്പിന്റെ പുതിയ സംരംഭങ്ങൾക്ക് പിന്നിൽ.
ഉൾനാടൻ ജലപാതയിൽ പ്രാരംഭ പരിശോധന പൂർത്തിയാക്കിയ സംഘം വാട്ടർ ബസ് സർവീസ് നടത്തുന്നതിന്റെ സാങ്കേതികമായ സാദ്ധ്യതകൾ കൂടി പരിശോധിച്ചു വരികയാണ്. കുസാറ്റിലെ ഷിപ്പ് ടെക്‌നോളജി വിഭാഗം അദ്ധ്യാപകൻ ഡോ. സി .ബി സുധീറാണ് പഠനത്തിന് നേതൃത്വം വഹിക്കുന്നത്. പദ്ധതിയുടെ ചെലവും സാങ്കേതിക വശങ്ങളും വിലയിരുത്തും. പഠനസംഘത്തിന്റെ റിപ്പോർട്ട് നാലാഴ്ചയ്ക്കുള്ളിൽ സർക്കാരിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ജലഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ പെരുമ്പളം, പാണാവള്ളി, തവണക്കടവ്,വൈക്കം തുടങ്ങിയ സ്ഥലങ്ങളെ ബന്ധപ്പെടുത്തി സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. വിനോദ സഞ്ചാര മേഖലയെ കൂടി കണക്കിലെടുത്താണ് വാട്ടർ ബസ് എന്ന ആശയം അവതരിപ്പിക്കുന്നത്.
സംസ്ഥാനത്ത് പ്രളയമുണ്ടായപ്പോൾ പല മേഖലകളിലും രക്ഷാപ്രവർത്തനത്തിന് ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടുകളും ആംബുലൻസ് ബോട്ടുകളും ഏറെ പ്രയോജനപ്പെട്ടിരുന്നു.
വാട്ടർ ബസ്
കരയിലും വെള്ളത്തിലും ഒാടാൻ ശേഷിയുളളയാണ് വാട്ടർബസ്. അമേരിക്ക ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ വിനോദസഞ്ചാരം കൂടി ലക്ഷ്യമിട്ടാണ് വാട്ടർ ബസുകൾ സർവീസ് നടത്തുന്നത്.
'' വൈക്കം - തവണക്കടവിൽ ആരംഭിച്ച സോളാർ ബോട്ട് വലിയ വിജയമായിരുന്നു. ഇതേത്തുടർന്നാണ് യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിൽ ആദ്യമായി വൈക്കം-എറണാകുളം റൂട്ടിൽ ആഡംബര ബോട്ട് സർവീസ് ആരംഭിക്കുന്നത്. ഇതോടൊപ്പം നിലവിലുള്ള സർവീസുകൾ യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായി ക്രമീകരിക്കാനും വകുപ്പ് ലക്ഷ്യമിടുന്നു
ഷാജി വി. നായർ
(ഡയറക്ടർ, ജലഗതാഗത വകുപ്പ്)