ആലപ്പുഴ: . പ്രളയത്തിൽ നടുവൊ‌ടിഞ്ഞ വിനോദസഞ്ചാര മേഖലയെ കൈപിടിച്ചുയർത്താൻ ഡി.ടി.പി.സിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ഇന്നലെ നടന്ന ഹൗസ് ബോട്ട് റാലി ആലപ്പുഴയ്ക്ക് പുതിയ അനുഭവമായി. നിരവധി വിദേശ, ആഭ്യന്തര സഞ്ചാരികൾക്ക് സൗജന്യ യാത്രാസൗകര്യമൊരുക്കിയാണ് ഹൗസ് ബോട്ട് റാലി സംഘടിപ്പിച്ചത്. 220 ഒാളം ഹൗസ് ബോട്ടുകളും 100 ശിക്കാരവള്ളങ്ങളും റാലിയിൽ പങ്കെടുത്തു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത മൂവായിരത്തോളം സഞ്ചാരികൾക്ക് സൗജന്യ യാത്രയ്ക്കുള്ള അവസരവും ലഭിച്ചു.

കുട്ടനാടിന്റെ ഇഷ്ടവിഭവങ്ങളായ കരിമീൻ, കപ്പ തുടങ്ങിയവ ഉൾപ്പെടെയുള്ള ഭക്ഷണവും ബോട്ടുകളിലൊരുക്കി. തനത് കലാരൂപങ്ങളുടെ പ്രദർശനവും റാലിക്ക് കൊഴുപ്പേകി.

പുന്നമട ഫിനിഷിംഗ് പോയിന്റിൽ നിന്നും ആരംഭിച്ച റാലി വേമ്പനാട് കായൽ, കൈനകരി, കുട്ടമംഗലം, മുട്ടേൽ തോട്, എന്നിവിടങ്ങളിലൂടെ യാത്ര നടത്തി തിരികെ ഫിനിഷിംഗ് പോയിന്റിൽ സമാപിച്ചു.ഹൗസ് ബോട്ട് റാലിയും 'അതിജീവനത്തിന്റെ നാളുകൾ" എന്ന പേരിലുള്ള ഫോട്ടോ പ്രദർശനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹൗസ് ബോട്ട് റാലിയുടെ പ്രചരണാർത്ഥം ആലപ്പുഴ ബീച്ചിൽ നിന്നും പുന്നമട ഫിനിഷിംഗ് പോയിന്റിലേക്ക് നടത്തിയ ബൈക്ക് റാലിയിൽ 50 ഓളം ബൈക്കുകൾ പങ്കെടുത്തു.

നെഹ്റു ട്രോഫി: മുതിർന്ന പൗരന്മാർക്ക് നിരക്കിളവ്

ആലപ്പുഴ:നെഹ്റു ട്രോഫി വള്ളം കളി ആസ്വദിക്കാൻ എത്തുന്ന മുതിർന്ന പൗരന്മാർക്ക് പത്തു ശതമാനം നിരക്കിളവോടെ സ്‌പെഷ്യൽ റിസർവ്ഡ് സീറ്റുകൾ ഒരുക്കും. ഫിനിഷിംഗ് പോയിന്റിനടുത്തുള്ള റോസ് പവലിയനിലെ ഒരു സീറ്റിന് 600 രൂപയുള്ള ടിക്കറ്റുകൾ 540 രൂപക്കും രണ്ടു പേർക്കൊരുമിച്ചു സിറ്റിംഗ് സൗകര്യമുള്ള 1000 രൂപ ടിക്കറ്റുകൾ 900 രൂപക്കും, 3000 രൂപ ഒരു സീറ്റിനുള്ള ടിക്കറ്റ് 2700 രൂപയ്ക്കും നൽകും.

ഇതിനോടൊപ്പം ലഘുഭക്ഷണ, പാനീയ സൗകര്യങ്ങളും സൗജന്യമായി ഉണ്ടാകും. താത്പര്യമുള്ള മുതിർന്ന പൗരന്മാർ 9495999647, 9995091240, 7356202616,9074825785 എന്നീ നമ്പരുകളിൽ

ബന്ധപ്പെട്ടാൽ ടിക്കറ്റുകൾ എത്തിച്ചുകൊടുക്കും.