വള്ളികുന്നം: കിഴക്കൻ മേഖല കേന്ദ്രീകരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വില്പന വ്യാപകം. കണ്ണഞ്ചാൽ പുഞ്ചയ്ക്ക് സമീപം പുതുച്ചിറ ഭാഗത്തേക്കുള്ള റോഡിന്റെ വശങ്ങളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളാണ് താവളം.പ്രദേശം കാടുകയറി കിടക്കുന്നതിനാൽ വിദ്യാർത്ഥികളുടെയും ഇടപാടുകാരുടെയും സാന്നിദ്ധ്യം പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. ഇതു മുതലെടുത്താണ് ഇടപാടുകൾ. സ്കൂൾ സമയങ്ങളിൽ ക്ലാസിൽ കയറാതെ കുട്ടികൾ ലഹരി തേടി ഇവിടെ എത്തുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.ദിവസേന അൻപതിലധികം വിദ്യാർത്ഥികളാണ് കഞ്ചാവ് ഉപയോഗിക്കാനും, മദ്യം കഴിക്കാനുമായി എത്തുന്നത്. ഭക്ഷണപ്പൊതികളുമായി എത്തുന്ന വിദ്യാർത്ഥികൾ ലഹരി ആസ്വദിക്കുകയും ഭക്ഷണം കഴിച്ച് വിശ്രമവും കഴിഞ്ഞ് വൈകുന്നേരത്തോടെയാണ് മടങ്ങുക. ഇതു വഴിയുള്ള യാത്രക്കാർ ചോദ്യം ചെയ്താൽ ഇവർ കൂട്ടമായി ആക്രമിക്കാൻ മുതുരാറുണ്ടെന്ന് പരാതിയുണ്ട്. നിരവധി തവണ പൊലീസിന് പരാതി നല്കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.