ആകെ 130 എക്കർ

കർഷകർക്ക് ഹെക്ടറിന് 25000 രൂപ

നിലംഉടമയ്ക്ക് 5000 രൂപ

മാവേലിക്കര: വരേണിക്കൽ പാടശേഖരത്ത് തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും കർഷക കൂട്ടായ്മയുടെയും നേതൃത്വത്തിൽ രണ്ടാം കൃഷിയ്ക്ക് വിത്തെറിഞ്ഞതോടെ സമ്പൂർണ തരിശുരഹിതമായി. പതിറ്റാണ്ടുകളായി തരിശു കിടന്ന പാടമാണ്. കൃഷിനാശംമൂലം വിളവെടുപ്പ് ഉപേക്ഷിച്ച ഇവിടെ രണ്ട് തവണയായി കൃഷി ഇറക്കാൻതീരുമാനിച്ചതിനെ തുടർന്ന് നൂറേക്കറിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കന്നിമാസത്തിൽ വിത നടത്തിയിരുന്നു. ശേഷിച്ച മുപ്പതേക്കറിൽ ഇന്നലെ വിത്തെറിഞ്ഞതോടെയാണ് സമ്പൂർണ തരിശു രഹിതമായത്. ഒരു കാലത്ത് മുണ്ടകകൃഷിക്ക് പേരുകേട്ട ഓണാട്ടുകരയുടെ നെല്ലറകളിലൊന്നായിരുന്നു വരേണിക്കൽ പാടശേഖരം. വർഷത്തിൽ രണ്ടുകൃഷിയായിരുന്നു പതിവ്. പി.ഐ.പി കനാൽ വന്നതോടെ കന്നിമാസത്തിൽ കൃഷിയിറക്കുന്ന രീതി മാറ്റി കർഷകർ തുലാമാസത്തിൽ കൃഷിയിറക്കുന്നതിലേക്ക് തിരിഞ്ഞു. വർഷങ്ങൾകഴിഞ്ഞപ്പോൾ കനാലിന്റെ പല ഭാഗങ്ങളും തകർന്നു. തുറന്നുവിടുന്ന വെള്ളം പാടശേഖരത്തിൽ എത്താത്ത സ്ഥിതിയായി. ഇതോടെ കൃഷി നശിക്കുന്നത് പതിവായി. ഒടുവിൽ ലക്ഷങ്ങളുടെ നഷ്ടം താങ്ങാനാകാതെ കർഷകർ കൃഷി ഉപേക്ഷിക്കുകയായിരുന്നു. ഇവിടെയാണ് ഇപ്പോൾ പഞ്ചായത്ത് മുൻകൈ എടുത്ത് കൃഷി ആരംഭിച്ചത്. 5200 കിലോഗ്രാം ഉമ വിത്താണ് വിതച്ചത്. എസ്.ആർ. ശ്രീജിത്ത് സെക്രട്ടറിയും മുരളീധരൻ പിള്ള പ്രസിഡന്റായും 64 കർഷകരടങ്ങുന്ന പാടശേഖര സമിതിയാണ് നേതൃത്വം നല്‍കുന്നത്. രണ്ടാംഘട്ട വിതയുത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ദീപ്തി ശ്രീജിത്ത്, തെക്കേക്കര കൃഷി അസി.ഓഫീസർ ബാബു, പാടശേഖര സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.